ലൈംഗിക പീഡനക്കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ശബ്ദപരിശോധന നടത്താൻ പൊലീസ്. കേസിൽ പുറത്തുവന്ന സംഭാഷണങ്ങൾ യുവതിയുടേത് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടി. തിരുവല്ലം ചിത്രാഞ്ജലിയിലാണ് പരിശോധന നടത്തുക.
അതിനിടെ കേസിൽ അന്വേഷണം നടത്തുന്ന സംഘം രാഹുൽ താമസിച്ചിരുന്ന പാലക്കാട്ടെ കുന്നത്തൂർമേടിലുള്ള ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തി. രാഹുലിന്റെ ഔദ്യോഗിക വാഹനം ഫ്ലാറ്റിലുണ്ടെന്നും പൊലീസ് അറിയിച്ചു.
പരാതിയിൽ യുവതി രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. രണ്ടാം മാസത്തിലാണ് ഗർഭഛിദ്രം നടത്തിയതെന്നും മാനസികമായി തളർന്നുപോയെന്നും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മെഡിക്കൽ രേഖകൾ കഴിഞ്ഞ ദിവസം തന്നെ ശേഖരിച്ചിരുന്നു. മേയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. ശേഷം ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകളിൽ പറയുന്നുണ്ട്.
രണ്ട് മരുന്നുകളാണ് ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത്. രക്തസ്രാവത്തിനു ശേഷം പരാതിക്കാരി സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.യുവതിക്ക് ഗർഭഛിദ്രത്തിനായി അപകടകരമായ മരുന്നുകളാണ് നൽകിയതെന്ന് ഡോക്ടറും മൊഴി നൽകി. ഇതിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
















