ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനിമുതൽ ലോക്ഭവനായി അറിയപ്പെടും. ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും. രാജ്യത്തെ എല്ലാ രാജ്ഭവനകളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് നീക്കം.
ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരുമാറ്റുന്നത്. കഴിഞ്ഞവർഷം ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ രാജേന്ദ്ര വിശ്വനാഥ അർലേക്കർ അവതരിപ്പിച്ചതാണ് പേര് മാറ്റാനുള്ള ആശയം.
ഡൽഹിയിൽ അടക്കമുള്ള ലഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിന്റെ പേര് ലോക് നിവാസ് എന്നാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
രാജ്ഭവന്റെ പേരുമാറ്റി അസം ഗവർണർ ലക്ഷ്മൺപ്രസാദ് ആചാര്യ കഴിഞ്ഞ വെള്ളിയാഴ്ചയും ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ശനിയാഴ്ചയും വിജ്ഞാപനമിറക്കിയിരുന്നു.
















