ഹൈദരാബാദിൽ നാലുവയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കേസിൽ നഴ്‌സറി സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. ഹൈദരാബാദ് ഷാഹ്പുര്‍ നഗറിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായ ലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ സ്കൂളിലെ ശൗചാലയത്തിന് സമീപത്തുവെച്ച് മർദിക്കുന്നത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതിനെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അമ്മയും ഇതേ സ്കൂളിലെ ബസ് ജീവനക്കാരിയാണ്. ഇവര്‍ സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുവിടാന്‍പോയ സമയത്താണ് മറ്റൊരു ജീവനക്കാരിയായ ലക്ഷ്മി കുട്ടിയെ മര്‍ദിച്ചത്. സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തേക്ക് കുട്ടിയെ പ്രതി കുട്ടിക്കൊണ്ടുപോകുകയും ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തി കുട്ടിയെ തലക്കടിക്കുകയും നിലത്തേക്ക് തള്ളിയിട്ട് അവിടെയിട്ട് ഉരുട്ടുകയുമാണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്
സ്കൂളിന് തൊട്ടപ്പുറത്തെ വ്യക്തിയാണ് ഈ ക്രൂരത കാണുന്നതും അത് വീഡിയോയിൽ പകർത്തുന്നതും. തുടര്‍ന്ന് വീഡിയോ പുറത്തുവന്നതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടിയുടെ അമ്മയോടുള്ള വൈരാഗ്യമാണ് കുട്ടിയോട് കാണിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ചെറുപ്പക്കാരിയായ കുട്ടിയുടെ ‘അമ്മ ജോലിക്ക് വന്നതോടെ തന്റെ ജോലി പോകുമോ എന്ന ഭയം കൊണ്ടാണ് ലക്ഷ്മി ഈ കുട്ടിയെ മർദിച്ചത്.
ലക്ഷ്മി സ്കൂളിലെ മറ്റുകുട്ടികളെ ഉപദ്രവിച്ചതായി വിവരമില്ലെന്നും ഇതുവരെ മറ്റു രക്ഷിതാക്കളൊന്നും ഇത്തരം പരാതികള്‍ പറഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.
















