രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം പുരോഗമിക്കവേ, എംഎൽഎക്കെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തെത്തി. താൻ ക്രൂരമായ പീഡനത്തിന് ഇരയായതായി ബംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി മുതിർന്ന കോൺഗ്രസ് നേതാക്കളെ രേഖാമൂലം അറിയിച്ചു. സോണിയാ ഗാന്ധി, കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കാണ് യുവതി ഇമെയിൽ വഴി പരാതി നൽകിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോൾ യുവതി പരാതി നൽകിയിട്ടുള്ളത്. മുമ്പ് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നെങ്കിലും അന്ന് നിയമനടപടിക്ക് തയ്യാറല്ലെന്ന് യുവതി അറിയിച്ചിരുന്നു. എന്നാൽ, പാർട്ടി നേതൃത്വത്തിന് മുമ്പ് പരാതി നൽകിയിട്ടും ലഭിച്ചില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി അടുത്ത ബന്ധമുള്ള പത്തനംതിട്ടയിലെ ഒരാളുടെ അറിവോടെയാണ് പീഡനം നടന്നതെന്നും, സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം മാനസികമായും ശാരീരികമായും തകർന്നുവെന്നും, ഗർഭിണിയാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡനത്തിന് ശേഷം രാഹുൽ ബന്ധത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിച്ചു.
പരാതി ലഭിച്ച കാര്യം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.47-നാണ് പരാതി ലഭിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇത്തരത്തിലുള്ള പരാതി പോലീസിനാണ് നൽകേണ്ടതെന്നും, പരാതിയിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ആദ്യത്തെ ബലാത്സംഗ പരാതിയിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്-കർണാടക അതിർത്തിയിലെ ബാഗലൂരിലെ റിസോർട്ടിലാണ് രാഹുൽ ഒളിച്ചു താമസിച്ചതെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ പോലീസ് എത്തുന്നതിനുമുമ്പ് രാഹുൽ അവിടുന്ന് മുങ്ങിയിരുന്നു. ഞായറാഴ്ച റിസോർട്ടിലെത്തിയ രാഹുൽ തുടർന്ന് കർണാടകയിലേക്ക് കടന്നെന്നാണ് സൂചന. ഒളിവിലിരിക്കെ രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫും രാഹുലിനൊപ്പമുണ്ടെന്നാണ് വിവരം.
















