തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
ഇക്കാര്യത്തില്‍ പാര്‍ട്ടി വേഗത്തില്‍ തന്നെ തീരുമാനം കൈക്കൊള്ളും. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷനിലാണ്. തെറ്റു തിരുത്താനുള്ള മാര്‍ഗമായാണ് സസ്‌പെന്‍ഷന്‍ നടപടി പാര്‍ട്ടി അനുവര്‍ത്തിച്ചു വന്നിരുന്നത്.
എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ തെറ്റുതിരുത്തലിന് സാധ്യതയില്ല. അതുകൊണ്ടു തന്നെ ശ്കതമായ നടപടിയുണ്ടാകും. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. കെ മുരളീധരന്‍ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ രേഖാമൂലമുള്ള പരാതി സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടേയോ മുമ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഹുലിനെതിരെ ഔദ്യോഗികമായി പരാതി സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും മുന്നിലുണ്ട്.
രാഹുല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി തലത്തില്‍ കൂടി അന്വേഷണം നടത്തിയേനേ. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സസ്‌പെന്‍ഷനിലായതിനാല്‍ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നുവെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
















