അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊതുമധ്യത്തിൽ വെച്ചു വധശിക്ഷ നടപ്പിലാക്കി താലിബാൻ. പ്രതിയായ മംഗൾ എന്നയാൾക്കാണ് എൺപതിനായിരത്തോളം പേര് ഉള്ള പൊതുയിടത്തിൽ വധശിക്ഷ നടപ്പാക്കിയത്.
ഏകദേശം പത്ത് മാസം മുമ്പ് പ്രദേശവാസിയായ അബ്ദുൾ റഹ്മാനെയും അദ്ദേഹത്തിന്റെ 12 കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിലാണ് മംഗൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഇയാൾ കൊലപ്പെടുത്തിയ കുടുംബത്തിലെ അംഗമായ 13 വയസ്സുള്ള കുട്ടിയെ കൊണ്ടാണ് വധശിക്ഷ നടപ്പിലാക്കിയത്. എല്ലാരുടെയും മുമ്പിൽ വെച്ചു കുട്ടിയുടെ കൈയിൽ തോക്കു കൊടുപ്പിച്ചു വെടിവെപ്പിക്കുകയായിരുന്നു.
വധശിക്ഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു വരികയാണ്. ക്യാമറ സംവിധാനമുള്ള ഫോണുകൾ നിരോധിച്ചിരുന്നു താലിബാൻ ഉത്തരവുകൾ അവഗണിച്ചാണ് ജനക്കൂട്ടം വധശിക്ഷയുടെ ദൃശ്യങ്ങൾ പകർത്തിയത്.
താലിബാൻ നിയമ പ്രകാരം ഇരകളുടെ ബന്ധുക്കൾക്ക് കുറ്റവാളിയോട് ക്ഷമിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ തന്റെ കുടുംബാഗങ്ങളെ കൊന്നയാളെ ക്ഷമിക്കാൻ പതിമൂന്നുവയസ്സുകാരൻ തയാറായിരുന്നില്ല. തുടർന്ന് താലിബാൻ വിധി പ്രകാരം പ്രതിയെ വധിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
അതിനിടെ വധശിക്ഷ ‘ദൈവിക ഉത്തരവ്’ നടപ്പിലാക്കുന്നതിന് സമാനമാണെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി പറഞ്ഞു. 2021- ൽ അധികാരം പിടിച്ചെടുത്തതിനുശേഷം താലിബാൻ നടപ്പിലാക്കിയ പതിനൊന്നാമത്തെ ജുഡീഷ്യൽ വധശിക്ഷയാണിത്.
അതേസമയം സംഭവത്തിൽ ലോകത്തിന്റെ പലഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. യുഎൻ സ്പെഷ്യൽ റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് വധശിക്ഷയെ മനുഷ്യത്വരഹിതവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമായ നടപടിയെന്ന് അപലപിച്ചു.
















