തെലുങ്ക് സൂപ്പർസ്റ്റാർ ആണ് നന്ദമൂരി ബാലകൃഷ്ണ. നിരവധി ആരാധകരുള്ള താരത്തിന് കേരളത്തിലും ഫാൻസ് ഉണ്ട്. സോഷ്യൽ മീഡിയ ട്രോൾ പേജുകളിൽ നിറസാന്നിധ്യമാണ് താരം. ആരാധകര്‍ ‘ബാലയ്യ’ എന്നാണ് ഇദ്ദേഹത്തെ വിളിക്കുന്നത്. ബാലയ്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോള്‍ താരം.
പ്രൊമോഷന്റെ ഭാഗമായി വിവിധ ഭാഷകളിലായി നിരവധി അഭിമുഖങ്ങളാണ് ബാലകൃഷ്ണ നല്‍കുന്നത്. അത്തരത്തില്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ആരാധകര്‍ താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാനായി വിളിക്കുന്ന മുദ്രാവാക്യമാണ് ‘ജയ് ബാലയ്യാ’ എന്നത്. ഈ മുദ്രാവാക്യത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ ബാലയ്യയുടെ മറുപടിയാണ് വൈറലായത്.
14 റീല്‍സ് പ്ലസിന്റെ യൂട്യൂബ് ചാനലില്‍ ബാലകൃഷ്ണയുമായുള്ള ഹിന്ദി അഭിമുഖത്തിനിടെയായിരുന്നു രസകരമായ ചോദ്യവും മറുപടിയും. ‘താങ്കളുടെ ആരാധകര്‍ എല്ലായിടത്തും ജയ് ബാലയ്യാ എന്ന് ഉറക്കെ വിളിക്കുന്നു. ഈ മുദ്രാവാക്യം നിങ്ങള്‍ ആദ്യമായി കേട്ടത് എന്നാണ്?’ -ഇതായിരുന്നു അവതാരകന്റെ ചോദ്യം. അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് എന്നായിരുന്നു ബാലയ്യയുടെ മറുപടി.
















