ലൈംഗിക പീഡനക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു. ഇന്നലെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ, രാഹുലിനെ കസ്റ്റഡിയിലെടുക്കാൻ പ്രത്യേക അന്വേഷണ സംഘം നീക്കം ഊർജിതമാക്കി.
കാസർഗോഡ്, വയനാട് മേഖലകളിലേക്കും കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. രാഹുലിന്റെ സഹായികൾ ഉൾപ്പെടെയുള്ളവർ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും രാഹുലിലേക്ക് എത്താന്‍ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം.
ജില്ലാ കോടതി ജാമ്യം തള്ളിയ സാഹചര്യത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്നുതന്നെ ബെഞ്ചിൽ ഹര്‍ജി കൊണ്ടുവന്ന് പൊലീസിന്‍റെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോ എന്നാണ് നോക്കുന്നത്.
അതേസമയം, ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങാനാണ് സാധ്യത. എന്നാല്‍ അതിനു മുന്‍പേ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുളള ഗുരുതര ആരോപണങ്ങളെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം തളളിയത്. എന്നാൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുലിന്‍റെ വാദം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. ഇതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ശ്രമം തുടങ്ങി. അതിസങ്കീര്‍ണമായ കേസായതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിഗമനം.
















