വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും, ഗർഭിണിയാക്കിയ ശേഷം ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും, 16 കോടി രൂപ നിക്ഷേപമായി തട്ടിയെടുക്കുകയും ചെയ്ത കേസിൽ ബിസിനസുകാരൻ അറസ്റ്റിൽ. കണ്ണൂർ കിഴുന്ന സ്വദേശിയായ സജിത്തിനെ (52) കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എടക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. 2015-നും 2020-നും ഇടയിൽ ദുബായിൽ വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ദുബായിൽ ഉന്നത ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയായിരുന്ന മുപ്പത്തിയഞ്ചുകാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരിക്കെ, സജിത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ യുവതിയെക്കൊണ്ട് 16 കോടി രൂപ നിക്ഷേപം നടത്തുകയും ചെയ്തു.
ഇതിനിടെ യുവതി ഗർഭിണിയാകുകയും, തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, വിവാഹത്തിന് തയ്യാറാകാതിരുന്ന സജിത്ത്, യുവതിയെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു. ഗർഭഛിദ്രം നടത്തിയ ശേഷവും ഇയാൾ വിവാഹം കഴിക്കാൻ തയ്യാറായില്ല.
തുടർന്ന്, യുവതിയെ കബളിപ്പിച്ച് ഇയാൾ ദുബായിൽ നിന്ന് കടന്നുകളയുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത ശേഷം മുങ്ങുകയായിരുന്നു ഇയാളെന്ന് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
സജിത്തിനെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
















