പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട ഒൻപതുവയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇനിയും ലഭിച്ചില്ല. ആശുപത്രി വിട്ട് ഒരുമാസം പിന്നിട്ടിട്ടും സഹായധനം സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നത് കുടുംബത്തെ ദുരിതത്തിലാഴ്ത്തി. പല്ലശ്ശന ഒഴിവുപാറ സ്വദേശിനിയാണ് വിനോദിനി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചിരുന്നെങ്കിലും ഈ തുക ഇതുവരെയും രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ല. സാമ്പത്തിക സഹായം സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളോ വിവരങ്ങളോ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പട്ടികജാതി വികസന വകുപ്പിൽ നിന്നുള്ള സഹായത്തിനായി ഈ മാസം ഒന്നിന് ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് രക്ഷിതാക്കൾ അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിനോദിനി കഴിഞ്ഞ മാസം 11നാണ് വീട്ടിൽ തിരിച്ചെത്തിയത്. കൈ മുറിച്ചുമാറ്റിയ ഭാഗത്തെ മുറിവ് ഉണങ്ങിയെങ്കിലും ഇപ്പോഴും മരുന്നുകൾ കഴിക്കുന്നത് തുടരുകയാണ്.
ശാരീരിക വേദനയേക്കാൾ വലുതാണ് മാനസികാഘാതമെന്ന് വിനോദിനിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു. “മുറിവ് ഉണങ്ങിയതിനാൽ കയ്യിലെ കെട്ട് അഴിക്കാമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ, കെട്ടഴിക്കാൻ വിനോദിനി കൂട്ടാക്കുന്നില്ല. മുറിച്ചുമാറ്റിയ കയ്യിലേക്ക് നോക്കാൻ അവൾക്ക് കഴിയുന്നില്ലെന്നാണ് പറയുന്നത്. അതിനാൽ ഇപ്പോഴും കെട്ടഴിച്ചിട്ടില്ല. ഇപ്പോൾ ആ ഭാഗത്ത് ഷാൾ ചുറ്റിയാണ് അവൾ നടക്കുന്നത്,” വിനോദിനിയുടെ അമ്മ പ്രസീദ പറയുന്നു.
ചികിത്സാ പിഴവിന്റെ ഇരയായ ഈ കുട്ടിക്ക് സർക്കാർ അടിയന്തിരമായി ധനസഹായം എത്തിക്കണമെന്നും തുടർ ചികിത്സയ്ക്കും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുന്നതിനും ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
















