കൊല്ലം ചാത്തനൂരിനടുത്തെ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ കരാർ കമ്പനിയെ ഒരു മാസത്തേക്ക് അടിയന്തരമായി വിലക്കുകയും, കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മണ്ണ് പരിശോധനയിലും അടിസ്ഥാന നിർമ്മാണത്തിലും വീഴ്ചയുണ്ടായെന്ന് കേന്ദ്രം പ്രാഥമികമായി കണ്ടെത്തി.
കരാർ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനോടൊപ്പം, കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡൻറ് എഞ്ചിനീയറെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി ഒരു വിദഗ്ധസമിതി സ്ഥലം സന്ദർശിക്കുമെന്നും, സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കർശന നടപടികൾ ഉണ്ടാകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചിരുന്നു. ദേശീയപാത 66-ന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
കൂടാതെ, മണ്ണിടിഞ്ഞ് താഴാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കുന്നതിന് വിദഗ്ധരെ നിയോഗിച്ച് അടിയന്തര അന്വേഷണം നടത്താൻ മന്ത്രി റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്കും നിർദേശം നൽകിയിട്ടുണ്ട്. വിശദമായ പരിശോധന നടത്തുമെന്ന് ദേശീയപാത അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
മലപ്പുറം കൂരിയാട് അടക്കം നിർമ്മാണത്തിലിരിക്കെ ദേശീയപാത തകർന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ കൊട്ടിയം മൈലക്കാടും അപകടമുണ്ടായത്. 31.25 കി.മീ ദൂരം വരുന്ന കടമ്പാട്ടുക്കോണം – കൊല്ലം സ്ട്രെച്ചിൽ നിർമ്മാണ ചുമതല ഉണ്ടായിരുന്നത് ശിവാലയ കൺസ്ട്രക്ഷൻസിനായിരുന്നു. ദേശീയ ജല പാതയ്ക്കായി കായലിൽ നിന്ന് കുഴിച്ചെടുത്ത മണ്ണ് ദേശീയ പാതയുടെ നിർമ്മാണത്തിന് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
കൊല്ലം റീച്ചിൽ കുഴി നികത്താനും അപ്രോച്ച് റോഡിന്റെ ഫില്ലിങ്ങിനും അഷ്ടമുടിക്കായലിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ചിരുന്നതായി എൻ എച്ച് ഐ വൃത്തങ്ങൾ സമ്മതിച്ചിട്ടുണ്ട്. എങ്കിലും, പാത തകർന്ന സ്ഥലത്ത് ഈ മണ്ണ് ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഉപയോഗിച്ച മണ്ണിന്റെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
















