ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസിലും എ പത്മകുമാർ പ്രതിയാണെന്ന് എസ്ഐടി കോടതിയെ അറിയിക്കും. എന്നാൽ കൂട്ടുത്തരവാദിത്വം മാത്രമേ തനിക്ക് ഉള്ളൂവെന്നാണ് എ പത്മകുമാറിന്റെ വാദം.
ഈ മാസം 18 വരെ പത്മകുമാറിനെ റിമാൻഡ് ചെയ്തിരുന്നു. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് എ പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ 2 ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.
പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ പത്മകുമാറിനെ പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പത്മകുമാറിൻ്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്നതിന് എസ് ഐ ടി യ്ക്ക് തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
















