നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത് ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചപ്പോൾ, വിധി തൃപ്തികരമല്ലെന്നും പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. തുറന്നടിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു സതീശൻ.
ഒരു സ്ത്രീക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും, കേസിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്നതിൽ താൻ അതീവ സന്തോഷവാനാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പുതിയ വിധി സഹായകമാകും.
അതേസമയം, കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരുന്ന നടൻ ദിലീപ് അടക്കമുള്ളവർ വെറുതെ വിടപ്പെട്ട വിഷയത്തിൽ, വിധിന്യായത്തിന്റെ പൂർണ്ണരൂപം പുറത്തുവരാതെ പ്രോസിക്യൂഷൻ വീഴ്ചയെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കേസുമായി ബന്ധപ്പെട്ട് മുൻ തൃക്കാക്കര എം.എൽ.എ. ആയിരുന്ന പി.ടി. തോമസിന്റെ ഇടപെടൽ നിർണ്ണായകമായിരുന്നു. അദ്ദേഹത്തെ ഈ അവസരത്തിൽ പ്രത്യേകം ഓർക്കുന്നുവെന്നും, പ്രതികൾ ഒരുതരത്തിലും രക്ഷപ്പെടരുത് എന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി. കൂടാതെ, കേരളത്തിൽ സ്ത്രീസുരക്ഷ കൂടുതൽ ഉറപ്പുവരുത്തേണ്ടതുണ്ട്. പരാതിയുമായി വരുന്ന സ്ത്രീക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം മെച്ചപ്പെടുത്തണം. നിലവിലെ സംവിധാനം പോരാ എന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
എന്നാൽ, കേസിന്റെ പൂർണ്ണമായ വിധി തൃപ്തികരമല്ലെന്ന നിലപാടാണ് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. സ്വീകരിച്ചത്. കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗൂഢാലോചനയുടെ ഭാഗം തെളിയിക്കാൻ കഴിയാതെ പോയത് കേസ് അന്വേഷിച്ച പോലീസിന്റെയും കോടതിയിൽ കേസ് അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും വലിയ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
















