നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ വിധിക്ക് എതിരെ അപ്പീൽ നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രശംസിച്ച് പ്രമുഖ ഗായിക ചിന്മയി ശ്രീപദ രംഗത്ത്. കേരളം ഇത്തരം സന്ദർഭങ്ങളിലാണ് ‘റോക്‌സ്റ്റാർ’ ആവുന്നതെന്ന് ചിന്മയി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിധി വന്നതു മുതൽ അതിജീവിതയ്ക്ക് ശക്തമായ പിന്തുണ നൽകി വരുന്ന വ്യക്തിയാണ് ചിന്മയി.
വിധിക്ക് എതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ സംബന്ധിച്ച മാധ്യമപ്രവർത്തകന്റെ പോസ്റ്റ് റീ ഷെയർ ചെയ്തുകൊണ്ടാണ് ചിന്മയി തന്റെ നിലപാട് വ്യക്തമാക്കിയത്. “ഇവിടെയാണ് കേരളം ഒരു റോക്‌സ്റ്റാർ ആവുന്നത്. അത് എപ്പോഴും അങ്ങനെയായിരിക്കും. ബലാത്സംഗം ചെയ്യുന്നവരെ വേദികളിൽ കൊണ്ടുവരികയോ അവർക്കൊപ്പം നൃത്തം ചെയ്യുകയോ പിറന്നാൾ ആഘോഷിക്കാൻ ജാമ്യം അനുവദിക്കുകയോ ചെയ്യില്ല,” ചിന്മയി കുറിച്ചു.
വിചാരണക്കോടതി വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ “വൗ ജസ്റ്റ് വൗ” എന്നൊരു ഹ്രസ്വ പോസ്റ്റ് ചിന്മയി പങ്കുവെച്ചിരുന്നു. ഇതിനു മുൻപുള്ള മറ്റൊരു പോസ്റ്റിലാണ് വിധി എന്തായാലും താൻ എന്നും അതിജീവിതയ്‌ക്കൊപ്പമായിരിക്കുമെന്ന് ചിന്മയി ഉറപ്പിച്ചത്.
വിധി ഏതുവഴിക്കാണെങ്കിലും അതിജീവിതയ്‌ക്കൊപ്പമുള്ള തന്റെ ശക്തമായ പിന്തുണ ഗായിക ആവർത്തിച്ചു. “ഇന്നത്തെ വിധി ഏതുവഴിക്കാണെങ്കിലും, ഞാൻ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമായിരിക്കും. നീയൊരു ഹീറോയാണ്. മുമ്പും ആയിരുന്നു, ഇനിയും അങ്ങനെ തന്നെയായിരിക്കും,” ചിന്മയി വ്യക്തമാക്കി. കൂടാതെ, നടിക്കൊപ്പം നിൽക്കുന്നുവെന്ന് നടിക്കുകയും എന്നാൽ ആവശ്യമായി വന്നപ്പോൾ മൊഴി മാറ്റുകയും ചെയ്ത സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ‘അർഹിക്കുന്നത്’ കിട്ടുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
















