തിങ്കളാഴ്ച രാത്രി ജപ്പാന്റെ വടക്ക് കിഴക്കൻ തീരത്ത് 80 കിലോമീറ്റർ അകലെ ശക്തമായ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ രാജ്യത്ത് മെഗാക്വേക്ക്മുന്നറിയിപ്പ് ആശങ്ക പടർത്തുന്നു. ഈ ഭൂചലനത്തെ തുടർന്ന് 40 മുതൽ 50 സെന്റീമീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ തീരത്തേക്ക് ആഞ്ഞടിച്ചതിന് പിന്നാലെയാണ്, എട്ട് തീവ്രതയ്ക്ക് മുകളിൽ രേഖപ്പെടുത്താൻ സാധ്യതയുള്ള വിനാശകരമായ മെഗാക്വേക്കിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഏകദേശം 90,000-ത്തോളം പേരെയാണ് അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. സുനാമി മുന്നറിയിപ്പുകൾ നിലവിൽ പിൻവലിച്ചിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിലും കൂടുതൽ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ജെ.എം.എ. നൽകിയ മുന്നറിയിപ്പിൽ, മെഗാക്വേക്ക് സംഭവിക്കാനുള്ള സാധ്യത മുൻപുള്ളതിനേക്കാൾ കൂടുതലാണെന്ന് വ്യക്തമാക്കുന്നു.
അതിനിടെ, ചൊവ്വാഴ്ച പുലർച്ചെ 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടി ജപ്പാനിൽ അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ഹോഞ്ചോ ദ്വീപിൽ നിന്ന് ഏകദേശം 122 കിലോമീറ്റർ തെക്ക് 35 കിലോമീറ്റർ ആഴത്തിലാണ് ഈ ഭൂകമ്പം ഉണ്ടായത്.
















