മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പിണറായി ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്.
അതേസമയം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട പോളിങ് വടക്കൻ കേരളത്തിൽ പുരോഗമിക്കുകയാണ്. രാവിലെ തന്നെ പലയിടത്തും പോളിങ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീൻ തകരാറിലായി.
കണ്ണൂർ പാപ്പിനശേരി പഞ്ചായത്ത് ബൂത്ത് 12 ൽ പോളിങ് തുടങ്ങിയില്ല. ആരോളി എൽപി സ്കൂളിൽ ബൂത്തിലാണ് യന്ത്ര തകരാറിനെ തുടർന്ന് പോളിങ് തുടങ്ങാനാവത്തത്. കണ്ണൂർ ചെമ്പിലോട് പഞ്ചായത്ത് ബൂത്ത് ഒന്നിലും യന്ത്ര തകരാറിനെ തുടർന്ന് പോളിങ് തുടങ്ങിയില്ല. ചാല എച്ച്എസ്എസിലാണ് തകരാർ.
കാസർകോട് ദേലംപാടി പഞ്ചായത്തിലെ വാർഡ് 16, പള്ളംകോട് GUPS സ്കൂളിലെ ബൂത്ത് ഒന്നിൽ മെഷീൻ പ്രവർത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി. മലപ്പുറം എ ആര്‍ നഗർ പഞ്ചായത്ത് അഞ്ചാം വാർഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിൻ്റെ തകരാർ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂർ പഞ്ചായത്തിലും വോട്ടിങ് മെഷീൻ തകരാറിലായി.
കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ബൂത്ത് രണ്ടിൽ വോട്ടിങ് മെഷീൻ തകരാറിലായി. തുടക്കത്തിൽ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു.
വടകര ചോറോട് പഞ്ചായത്ത് 23 വാർഡ് ബൂത്ത് ഒന്നിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താൻ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീൻ തകരാറിലായി.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
















