നടിയെ ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ കുറച്ചുകിട്ടാനാണ് ശ്രമിക്കുന്നതെന്ന് ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിക്കുന്നത്.
തൃശ്ശൂർ വിയ്യൂർ ജയിലിൽനിന്ന് പ്രതികളെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൊണ്ടുവന്നു. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. തിങ്കളാഴ്ചയാണ് ഇവരെ കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള അതീവ ഗൗരവകരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്.
ശിക്ഷാവിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി പ്രതികൾക്ക് കോടതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്നറിയാനാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. പ്രതികൾക്ക് ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള സാധ്യതകളാണ് പ്രധാനമായും തേടുന്നതെന്നും അഭിഭാഷകൻ അറിയിച്ചു.
പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെടുമ്പോഴും, തൻ്റെ കക്ഷികൾക്ക് പരമാവധി ശിക്ഷ കുറച്ചുകിട്ടാൻ ശ്രമിക്കുമെന്നും പ്രതീഷ് കുറുപ്പ് വ്യക്തമാക്കി. പ്രതികളുടെ ഭാഗം കേട്ട ശേഷമായിരിക്കും അന്തിമ വിധി പ്രസ്താവിക്കുക. വിധി ഇന്ന് തന്നെ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ട കുറ്റങ്ങൾ ജീവപര്യന്തം തടവോ അല്ലെങ്കിൽ കുറഞ്ഞത് 20 വർഷം കഠിനതടവോ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ളവയാണ്. പ്രോസിക്യൂഷൻ്റെയും പ്രതികളുടെയും വാദങ്ങൾ കേട്ടശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കുക. സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന ഈ കേസിൽ കോടതിയുടെ അന്തിമ തീരുമാനം ഉടനുണ്ടാകും.

















