ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തിയതോടെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനമുയരുന്നു. മികച്ച ഫോമിലായിരുന്ന സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതെ ഗില്ലിന് തുടർച്ചയായി അവസരം നൽകുന്നതിനെതിരെയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരിക്കുന്നത്.
ഓപ്പണിങ് സ്ഥാനത്ത് ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനം തുടരുകയാണ്. രണ്ടാം ടി20യിൽ ‘ഗോൾഡൻ ഡക്കായ’തോടെയാണ് വിമർശനങ്ങളുടെ ശക്തി വർധിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറികളടക്കം ഒരു വർഷം മൂന്ന് സെഞ്ചുറികൾ നേടി റെക്കോർഡിട്ട സഞ്ജു സാംസണെ ഒഴിവാക്കി, ഏഷ്യാ കപ്പ് മുതൽ ഗില്ലിനെ ഓപ്പണറായി പരിഗണിക്കുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
സഞ്ജുവിന് മതിയായ പരിഗണനയും അവസരവും നൽകുന്നുണ്ടെന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ വാദങ്ങളെ തള്ളിക്കളഞ്ഞാണ് കോച്ച് ഗൗതം ഗംഭീറിൻ്റെ മുൻ സഹതാരം കൂടിയായ റോബിൻ ഉത്തപ്പ രംഗത്തെത്തിയത്.
സ്റ്റാർ സ്പോർട്സിലെ ചർച്ചയിൽ പങ്കെടുത്ത ഉത്തപ്പയുടെ ചോദ്യങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്: ”ഇത്രയും മോശം പരിഗണന നൽകാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്? വ്യക്തമായൊരു കാരണമില്ലാതെ ടീം മാനേജ്‌മെന്റ് എന്തിനാണ് വിജയകരമായ ഓപ്പണിംഗ് സഖ്യത്തെ മാറ്റിയത്?”
സഞ്ജു-അഭിഷേക് സഖ്യത്തെ മാറ്റിയതിൻ്റെ കാരണം വീണ്ടും വീണ്ടും ചോദിച്ച ഉത്തപ്പ, അവസരം കിട്ടിയപ്പോൾ മൂന്ന് സെഞ്ചുറികൾ അടിച്ചാണ് സഞ്ജു ഓപ്പണിംഗ് സ്ഥാനം സ്വന്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടി. യുവതാരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായിരുന്നു സഞ്ജു എന്നും, ആ പ്രകടനമാണ് മറ്റ് യുവതാരങ്ങൾക്ക് പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഗിൽ ടി20 ക്രിക്കറ്റിന് അനുയോജ്യമായ കളിയല്ല പുറത്തെടുക്കുന്നതെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു. അഭിഷേകിനൊപ്പം പിടിച്ചുനിൽക്കാൻ തുടക്കത്തിലെ വ്യത്യസ്ത ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുന്നതാണ് ഗില്ലിന് തിരിച്ചടിയാകുന്നത്. “അത് ഗില്ലിൻ്റെ സ്വാഭാവിക കളിയല്ല,” ഉത്തപ്പ പറഞ്ഞു.
ഐപിഎല്ലിൽ ഗിൽ തിളങ്ങിയത് സമയമെടുത്ത് ക്രീസിൽ നിലയുറപ്പിച്ച്, ആദ്യം 10 പന്തുകളൊക്കെ കളിച്ചു സമ്മർദ്ദം അകറ്റി, പതുക്കെ സ്കോർ ഉയർത്തി കത്തിക്കയറുന്ന ശൈലിയിലായിരുന്നു. അതാണ് ഗില്ലിന് ടി20യിൽ യോജിക്കുന്ന ശൈലിയെന്നും ഉത്തപ്പ വിശദീകരിച്ചു. വൈസ് ക്യാപ്റ്റനെന്ന സമ്മർദ്ദവും ഗില്ലിനുണ്ടാവാം, എന്നാൽ ഒരു വർഷം മൂന്ന് സെഞ്ചുറിയടിച്ച കളിക്കാരനായ സഞ്ജുവിനെ ഒഴിവാക്കിയതിന് അതൊന്നും ന്യായീകരണമല്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു.
















