കേരളക്കരയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. പ്രതികൾക്ക് മിനിമം തടവും മാക്‌സിമം പരിഗണനയുമാണെന്ന് പാർവതി കുറിച്ചു. ഞങ്ങൾ സ്ത്രീകൾക്ക് ജീവിക്കാൻ ഒരിടം പോലുമില്ല. ശരി, അത് തിരിച്ചറിയുന്നു എന്നും നടി കുറിച്ചു.

പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ പ്രായം, കുടുംബപശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. മികച്ച രീതിയില്‍ എഴുതിയ ഒരു തിരക്കഥ ക്രൂരമായി ചുരുളഴിയുന്നതാണ് ദൃശ്യമായതെന്നാണ് അന്ന് വിധി പുറത്തുവന്നതിനുപിന്നാലെ പാര്‍വതി കുറിച്ചത്.നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നകേസിൽ വിധിവരുന്നത് സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
















