കലാഭവൻ നവാസിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് അദ്ദേഹത്തിന്റെ ഭാര്യ രഹ്ന. ഇരുവരും ചേർന്ന് സന്തോഷത്തോടെ ചെലവഴിച്ച നിമിഷങ്ങൾ പകർത്തിയ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ രഹ്ന പങ്കുവെച്ചത്. തന്നെ വിഷമിച്ചിരിക്കാൻ പോലും നവാസ് അനുവദിക്കില്ലായിരുന്നു എന്ന കുറിപ്പോടെയാണ് രഹ്ന വിഡിയോ പങ്കുവച്ചത്.
ബീച്ചിൽ ഒരു വള്ളത്തിന് സമീപം ദൂരേക്ക് നോക്കി എന്തോ ചിന്തിച്ച് വിഷമിച്ചിരിക്കുന്ന ഭാര്യയെ പാട്ടുപാടി സന്തോഷിപ്പിക്കുന്ന നവാസിനെയാണ് വിഡിയോയിൽ കാണുന്നത്.‘എന്നെ വിഷമത്തിലേയ്ക്കു പോകാൻ പോലും അനുവദിക്കില്ലായിരുന്നു’’–വിഡിയോയ്ക്കൊപ്പം രഹ്ന കുറിച്ചു. രഹ്നയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നാണ് പ്രേക്ഷകർ വിഡിയോക്ക് കമന്റായി ഒന്നടങ്കം പറയുന്നത്.
കലാഭവൻ നവാസിന്റെ പെട്ടെന്നുള്ള മരണം സിനിമാ മേഖലയ്ക്കും കുടുംബത്തിനും തീരാനഷ്ടമായിരുന്നു. 2025 ഓഗസ്റ്റ് 1 ന് രാത്രിയാണ് ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഹോട്ടലിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. കരിയറിൽ ശക്തമായി തിരിച്ചു വരുന്നതിനിടയിലായിരുന്നു നവാസിന്റെ വിയോഗം.
നവാസ് ഇല്ലാത്തതിന്റെ ശൂന്യതയിൽ നിന്നും ഭാര്യ രഹ്ന എങ്ങനെ കരകയറും എന്ന ആശങ്ക സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായിരുന്നു. ഇതിനിടെ, ഭർത്താവിന്റെ ഓർമ്മകൾ പങ്കുവച്ചുകൊണ്ടുള്ള രഹ്നയുടെ വീഡിയോ ആരാധകരെയും സഹപ്രവർത്തകരെയും ദുഃഖിപ്പിക്കുകയും ഒപ്പം ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്.
വാപ്പിച്ചി പോയ വേദന തങ്ങളുടെ നെഞ്ചിലെ ഭാരമാണെന്നു ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണെന്നും നവാസിന്റെ മക്കൾ കുറിച്ചിരുന്നു.
കലാകുടുംബത്തിൽ ജനിച്ച കലാഭവൻ നവാസ്, 2002 ഒക്ടോബറിലാണ് പള്ളുരുത്തി സ്വദേശിയും നടിയുമായ രഹ്നയെ ജീവിതസഖിയാക്കിയത്. ഒരു സ്റ്റേജ് പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. നവാസിനൊപ്പമുള്ള ഓരോ നിമിഷവും സന്തോഷം നിറഞ്ഞതായിരുന്നു എന്ന് രഹ്നയുടെ വിഡിയോ അടിവരയിടുന്നു.
















