തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പാണ്. ഫലത്തെ സ്വാഗതം ചെയ്യുകയും ജനവിധിയെ മാനിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊടിമരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചെറിയ തോതിൽ പിറകോട്ടടി ഉണ്ടായിട്ടുണ്ട്. മുമ്പും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്, ഇത് പുതിയ കാര്യമല്ല. പരിശോധനകൾ നടത്തി കൂടുതൽ ശക്തിയോടെ മുന്നോട്ട് വരുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ചേർന്ന് ഒരു സ്വതന്ത്രനെ പിന്തുണച്ച് നഗരസഭ ഭരിക്കുമോ എന്ന ചോദ്യത്തിന്, ജനാധിപത്യപരമായി അധികാരത്തിൽ വന്ന ഭരണസമിതിയെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന് അദ്ദേഹം മറുപടി നൽകി.
തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിൽ ലഭിച്ചിരുന്നെങ്കിൽ ആര്യ രാജേന്ദ്രൻ മികച്ച മേയർ എന്ന് എല്ലാവരും പറഞ്ഞേനെ എന്നും, തന്നെക്കാൾ മികച്ച മേയറായിരുന്നു ആര്യ എന്നും വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. താൻ അഞ്ചുവർഷം തിരുവനന്തപുരം മേയർ ആയിരുന്ന ആളാണ്. താൻ മേയറായിരുന്ന കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ കോർപ്പറേഷനിൽ നടന്നിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര ലേബർ കോഡുകൾക്കെതിരെ കേരളം പ്രതിരോധം തീർക്കും. ഇതിന് ബദലായി ഒരു തൊഴിൽ നയം സംസ്ഥാനത്ത് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ 19-ന് തിരുവനന്തപുരത്ത് ലേബർ കോൺക്ലേവ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
















