സൈബർ അധിക്ഷേപ കേസിൽ അറസ്റ്റിലായി 16 ദിവസത്തിനുശേഷം സാമൂഹ്യപ്രവർത്തകൻ രാഹുൽ ഈശ്വറിന് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് കോടതിയുടെ ഉത്തരവ്. മേലിൽ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന് കോടതി പ്രത്യേകം നിർദ്ദേശിച്ചു.
യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെതിരായ അതിജീവിതയുടെ പേര് സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും അവരെ അധിക്ഷേപിച്ച് പോസ്റ്റിടുകയും ചെയ്തതിനാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അതിജീവിതയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതിന് ആറുപേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിരുന്നത്. ഇവരിൽ ആദ്യ അറസ്റ്റ് രാഹുൽ ഈശ്വറിന്റെതായിരുന്നു. വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടക്കത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമായിരുന്നു രാഹുലിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, പിന്നീട് ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ കൂടി ചുമത്തി പോലീസ് രാഹുലിനെ റിമാൻഡ് ചെയ്യുകയായിരുന്നു. അന്യായമായാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ആരോപിച്ച് ഇതിൽ പ്രതിഷേധിച്ച് രാഹുൽ ഈശ്വർ ഒരാഴ്ചയോളം ജയിലിൽ നിരാഹാരം കിടന്നിരുന്നു. എന്നാൽ, സെഷൻസ് കോടതി തുടർച്ചയായി ജാമ്യം നിഷേധിച്ചതോടെ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. ആദ്യഘട്ടത്തിൽ ജില്ലാ ജയിലിലായിരുന്ന രാഹുലിനെ പിന്നീട് സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തേക്ക് രാഹുലിനെ നേരത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും കോടതി അത് നിരാകരിച്ചു. 16 ദിവസം ജയിലിൽ കിടന്നയാളിനെ ഇനിയും കസ്റ്റഡിയിൽ വാങ്ങുന്നത് എന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനു തൊട്ടുപിന്നാലെയാണ് കർശന ഉപാധികളോടെ രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവുണ്ടായത്.
















