തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം / കൗണ്‍സിലര്‍ വേണം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ടത്. സര്‍ക്കാര്‍ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ മുന്‍പാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോര്‍പ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടര്‍മാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികള്‍ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത് ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 21ന് രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.
ഈ യോഗത്തില്‍ അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
- മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു, മൂന്നു വാര്‍ഡുകളില്‍ നിലനില്‍ക്കും
സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം ഇന്നലെ മുതല്‍ പിന്‍വലിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന് മൂന്ന് വാര്‍ഡുകളില്‍ പ്രത്യേക തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതായിരിക്കും. തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നവംബര്‍ 10 മുതലായിരുന്നു മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിലവില്‍ വന്നത്.
- തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം ഫലപ്രഖ്യാപനതീയതി മുതല്‍ 30 ദിവസത്തിനകം ആണ് ചെലവ് കണക്ക് നല്‍കേണ്ടത്. www.sec.kerala.gov.in എന്ന സൈറ്റില്‍ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോഡ്യൂളില്‍ സ്ഥാനാര്‍ത്ഥികള്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായും കണക്കു സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥിയോ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മറ്റാരെങ്കിലുമോ ചെലവാക്കിയ തുക കണക്കില്‍പ്പെടുത്തണം. സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നല്‍കേണ്ടത്.
കണക്കിനൊപ്പം രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നല്‍കുകയും വേണം . തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കുന്ന വീഴ്ച വരുത്തുന്നവരെ കമ്മീഷന്‍ 5 വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാകും. ഉത്തരവ് തീയതി മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യത വരിക. നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നല്‍കിയത് എന്ന് ബോധ്യപ്പെട്ടാലും കമ്മീഷന്‍ അവരെ അയോഗ്യരാക്കും.
- തിരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവും സമാധാനപരവുമായി നടത്താന്‍ കഴിഞ്ഞു; നന്ദി അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താന്‍ സഹകരിച്ച എല്ലാവര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നന്ദി അറിയിച്ചു. ഏകദേശം ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച വാര്‍ഡ് പുനര്‍വിഭജനവും, രണ്ടുഘട്ടമായി നടത്തിയ വോട്ടെടുപ്പും, വോട്ടെണ്ണലും ഉള്‍പ്പെടെയുള്ള സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സുഗമവും പ്രശ്‌നരഹിതവുമായി പൂര്‍ത്തിയാക്കാനായി. സമാധാനപരമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സഹകരിച്ച മുഴുവന്‍ സമ്മതിദായകര്‍ക്കും, സ്ഥാനാര്‍ത്ഥികള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, പൊതുജനങ്ങള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കമ്മീഷണര്‍ നന്ദി അറിയിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും ജില്ലാ ഭരണകൂടങ്ങളുടേയും തദ്ദേശസ്ഥാപന ഭരണ സംവിധാനങ്ങളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കൃത്യമായ ഏകോപനത്തോടെ തദ്ദേശതിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനായത്. മാതൃകാപെരുമാറ്റച്ചട്ടം, ഹരിതചട്ടം, ക്രമസമാധാനം എന്നിവ പാലിച്ച് തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ കഴിഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, വരണാധികാരികള്‍, പോളിംഗ് ഓഫീസര്‍മാര്‍, നിരീക്ഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരുടേയും സഹകരണം ഓരോ നടപടികളിലും പ്രകടമായിരുന്നു.
കൂടാതെ പോലീസ്, എക്‌സൈസ്, വനം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകള്‍ക്കും കെ.എസ്.ഇ.ബി, വാട്ടര്‍ അതേറിറ്റി, ഗ്രാമലക്ഷ്മിമുദ്രാലയം, സി-ആപ്റ്റ്, കെ.ബി.പി.എസ്, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക സഹായം നല്‍കിയ എന്‍.ഐ.സി, ഐകെഎം, ബിഎസ്എന്‍എല്‍, കെല്‍ട്രോണ്‍, ഐടി മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കും ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടെയുള്ളവയുടെ അച്ചടി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ പ്രസ്സുകള്‍ക്കും കമ്മീഷണര്‍ നന്ദി അറിയിച്ചു.
CONTENT HIGH LIGHTS; Members’ oath-taking on 21st: Guidelines issued; Model Code of Conduct withdrawn; Election expenditure account to be submitted; Election Commissioner expresses gratitude
















