കാസര്‍ഗോഡ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐഎം – മുസ്ലിം ലീഗ് കൂട്ടുക്കെട്ടെന്ന ആരോപണവുമായി ബിജെപി. മഞ്ചേശ്വരം, വോര്‍ക്കാടി, കുമ്പള പഞ്ചായത്തുകളില്‍ സിപിഐഎം – മുസ്ലിം ലീഗിന് വോട്ട് മറിച്ചെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പറഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സിപിഐഎം – മുസ്ലീം ലീഗ് ധാരണയുണ്ടായിട്ടുണ്ടായിരുന്നു. ഞങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎമ്മും ലീഗും ഒറ്റക്കെട്ടായി നിന്നു – അശ്വിനി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്നും വാര്‍ഡ് വിഭജനത്തില്‍ അപാകതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതിനിടെയാണ് പുതിയ ആരോപണം. വോര്‍ക്കാടി പഞ്ചായത്തിലെ വാര്‍ഡ് മൂന്ന് 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 500ലധികം വോട്ട് നേടി വിജയിച്ച വാര്‍ഡായിരുന്നു. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 29 വോട്ടാണ്. അവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ജയിച്ചത്. ബിജെപിയുടെ സ്ഥാനാര്‍ഥി തോറ്റത് 24 വോട്ടിനാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഈയൊരു ആരോപണം ഉന്നയിക്കുന്നത്. മീഞ്ച, പൈവളികെ, വോര്‍ക്കാടി പഞ്ചായത്തുകളൊക്കെ ബിജെപിക്ക് സ്വാധീനമുള്ള പഞ്ചായത്തുകളാണ്. പക്ഷേ ഇവിടെയൊക്കെ ബിജെപി പിറകില്‍ പോകുകയും നിസാര വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു. ഇത് സിപിഐഎമ്മിന്റെയും ലീഗിന്റെയും ധാരണയെന്നാണ് ആരോപണം.
STORY HIGHLIGHT: BJP alleges Kasaragod CPIM-Muslim League alliance in local body elections
















