ശബരിമല സ്വർണകൊള്ളക്ക് പിന്നിൽ പുരാവസ്തു കടത്താണെന്നുള്ള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി. അഞ്ഞൂറ് കോടി രൂപയുടെ പുരാവസ്തു കടത്തൽ ആണ് നടന്നതെന്നാണ് വ്യവസായിയുടെ മൊഴി.
എസ്ഐടി മൂന്നു മണിക്കൂറോളം വ്യവസായിയുമായി ഫോണിലൂടെ സംസാരിച്ചു വിവരങ്ങൾ ശേഖരിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. വൈകാതെ തന്നെ നേരിട്ട് മൊഴിയെടുക്കും. പുരാവസ്തു കടത്ത് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ വ്യവസായി കൈമാറിയെന്നുമാണ് സൂചന.
സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണെന്നും ഇതിനെ കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല ഈഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെ അന്വേഷണസംഘത്തെ അറിയിച്ചത്. ഈ വാദം ശരിയാണെന്ന് മനസ്സിലാക്കിയതോടെ വിശദ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.
തന്റെ കയ്യിൽ തെളിവില്ലെന്നും വ്യവസായി തന്നോട് പങ്കുവച്ച വിവരം അന്വേഷണസംഘത്തെ അറിയിച്ചെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പൗരന്‍ എന്ന നിലയിലും കിട്ടിയ വിവരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് കാര്യം തുറന്നു പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. വ്യവസായിയെപ്പറ്റിയുള്ള വിവരങ്ങളും എസ്ഐടിക്ക് ചെന്നിത്തല കൈമാറി.
















