നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേയുള്ള നിർണ്ണായക തെളിവുകൾ കേരള പോലീസ് കൃത്രിമമായി നിർമ്മിച്ചതാണെന്ന ഗുരുതര ആരോപണവുമായി രാഹുൽ ഈശ്വർ രംഗത്ത്. പോലീസ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ച ദൃശ്യങ്ങളാണ് ദിലീപിനെതിരേയുള്ള ഗൂഢാലോചനയുടെ തെളിവുകളായി കോടതിയിൽ ഹാജരാക്കിയത് എന്നും, താൻ മുൻപ് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേസിലെ പ്രധാന ‘തെളിവായ’ ദിലീപും ഒന്നാം പ്രതി പൾസർ സുനിയും ഒരേ സിനിമാ സെറ്റിൽ നിൽക്കുന്ന ചിത്രം വ്യാജമാണ് എന്ന് രാഹുൽ ഈശ്വർ ആരോപിച്ചു. “ദൈവത്തിന്റെ കൈയൊപ്പുള്ള ഫോട്ടോ” എന്ന് പ്രോസിക്യൂഷനും പോലീസും വിശേഷിപ്പിച്ച് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ഈ ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. ഒരു സാധാരണ പൗരനെതിരേ പോലും പോലീസ് ഇത്തരം വ്യാജരേഖകൾ ഉണ്ടാക്കിയാൽ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ എവിടെയെത്തി നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു.
പൾസർ സുനിയും ദിലീപും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്നതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്ന സെൽഫിയുടേയും മറ്റ് ചിത്രങ്ങളുടേയും കാര്യവും രാഹുൽ ഈശ്വർ എടുത്തുപറഞ്ഞു. സിനിമാ സെറ്റിലുണ്ടായിരുന്ന ഒരു ജീവനക്കാരൻ ആദ്യം ദിലീപിന്റെ കൂടെയും, മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തിൽ പൾസർ സുനിയോടൊപ്പം രണ്ടാമതും സെൽഫിയെടുത്തത് ഗൂഢാലോചനയുടെ തെളിവായി പോലീസ് ഹാജരാക്കിയിരുന്നു. എന്നാൽ, ഈ ചിത്രങ്ങൾ ഗൂഢാലോചന തെളിയിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇത് തള്ളിയിരുന്നു. ഇതേക്കുറിച്ചാണ് രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്.
ദിലീപിനെതിരേ താൻ ആദ്യമെടുത്ത് നിലപാടുകൾ ശരിയായിരുന്നുവെന്ന് തെളിഞ്ഞതായും രാഹുൽ ഈശ്വർ പറഞ്ഞു. “എത്ര കാലമാണ് ദിലീപിനെ വേട്ടയാടിയത്. ഇപ്പോഴും ദിലീപ് എന്തോ തെറ്റ് ചെയ്തു എന്നും പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും ചിലർ പ്രചരിപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെയും കോടതിയിൽ പോലീസും പ്രോസിക്യൂഷനും കള്ളങ്ങൾ എഴുതിക്കൊടുത്തെന്നും, കേസിൽ കുറ്റവിമുക്തനാക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പട്ടിണി കിടക്കുന്നതും ജയിലിൽ കിടക്കുന്നതും തനിക്ക് പുതിയ കാര്യമല്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സാധാരണക്കാരനായ താൻ 16 ദിവസവും ദിലീപ് 85 ദിവസവും ജയിലിൽ കിടന്നു. സത്യം വളരെ ലളിതമാണ്, കള്ളങ്ങളാണ് സങ്കീർണമായിരിക്കുന്നത് എന്ന് പറഞ്ഞ രാഹുൽ ഈശ്വർ, ഭരണകൂടം ധാരാളം അസത്യങ്ങൾ പറയുന്നുണ്ടെന്നും, സത്യങ്ങൾ പറയുന്നതിന് മടിച്ചാൽ രാജ്യം നിലനിൽക്കില്ലെന്നും കൂട്ടിച്ചേർത്തു.
















