കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയിൽ. ശിക്ഷ റദ്ദാക്കണം ആവശ്യപ്പെട്ടാണ് രണ്ട് പ്രതികൾ അപ്പീൽ നൽകിയത്. കേസിലെ അഞ്ചും ആറും പ്രതികളായ എച്ച് സലീമും പ്രദീപുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇവർക്ക് 20 വർഷത്തെ കഠിന തടവിന് വിധിച്ചിരുന്നു. ഒന്നാം പ്രതി പൾസർ സുനി ബലാൽസംഗം ചെയ്തതിന് ഞങ്ങളാരും സഹായിച്ചിട്ടില്ലെന്നാണ് പ്രതികളുടെ പ്രധാന വാദം. ഗൂഢാലോചനയിൽ പങ്കെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
ഇതാദ്യമായാണ് കേസിലെ പ്രതികൾ ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. വരും ദിവസങ്ങളിൽ കേസിലെ മറ്റ് പ്രതികൾ കൂടി ഹൈക്കോടതിയിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. പ്രതികളുടെ അപ്പീൽ ഹർജി കോടതി നാളെ തന്നെ കോടതി പരിഗണിച്ചേക്കും. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരെ തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ കർശന നടപടി സ്വീകരിച്ചു മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലർ നിരന്തം അപവാദപ്രചരണം നടത്തിയതോടെ അതിജീവിത കഴിഞ്ഞ ദിവസം നേരിട്ട് മുഖ്യമന്ത്രിയെ കണ്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അതിവേഗ നടപടി.
Story Highlights : ‘Sentence should be quashed’; 5,6 accused in actress attack case file appeal in High Court
















