ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസിൽ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു എന്നിവരുടെ ഹർജിയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്.
ഉത്തരവിൻ്റെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. നേരത്തെ സെഷൻസ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സ്വർണക്കവർച്ചക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്നതാണ് പ്രതികൾക്കെതിരായ പ്രധാന ആരോപണം. ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പു പാളികളെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയ കേസിൽ എൻ.വാസുവാണ് മൂന്നാം പ്രതി. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറെന്ന നിലയിൽ നിർദേശം നൽകിയത് എൻ.വാസുവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും കട്ടിളപ്പാളികൾ കൈമാറിയ കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. കെ.എസ്.ബൈജു ഏഴാം പ്രതിയാണ്. മഹസർ തയാറാക്കിയ സമയത്തും പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ട സമയത്തും ഇദ്ദേഹമായിരുന്നു തിരുവാഭരണം കമ്മിഷണർ.
സ്വർണപ്പാളികൾ പൊതിഞ്ഞവ എന്ന് രേഖപ്പെടുത്തുന്നതിന് പകരം ‘ചെമ്പ്’ എന്ന് മനഃപൂർവം രേഖപ്പെടുത്തിയതിൽ ദേവസ്വം ബോർഡ് ഉന്നതർക്ക് പങ്കുണ്ടെന്ന വാദമാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ഉന്നയിച്ചത്. കേസിൻ്റെ അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ഈ സമയത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഈ വിഷയത്തിൽ തങ്ങൾ ഒറ്റയ്ക്ക് തീരുമാനമെടുത്തിട്ടില്ലെന്നും സ്വർണപ്പാളികൾ പൊതിഞ്ഞതാണ് എന്നതിന് രേഖാമൂലം തെളിവുകളില്ലെന്നും മൊഴികൾ മാത്രമാണുള്ളതെന്നും പ്രതികൾ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കേണ്ടതില്ല എന്ന നിലപാടിൽ ഉറച്ചു നിന്നു.
സ്വർണം പൊതിഞ്ഞ പാളികളെ ചെമ്പു പാളികളെന്ന് വിശേഷിപ്പിച്ച് കൈമാറാൻ 2019 ജൂലൈ മൂന്നിന് തീരുമാനിച്ചതിൽ ദേവസ്വം ബോർഡ് അംഗങ്ങൾക്കും പങ്കുണ്ട് എന്ന് നേരത്തെ സമാനമായ മറ്റൊരു ജാമ്യഹർജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മുൻ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാർ എന്നിവരുടെ ജാമ്യഹർജികളും കോടതി തള്ളിയിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിൻ്റെ ജാമ്യാപേക്ഷയും നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
















