തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വേറ്റിനാട് ഡിവിഷൻ മുൻ അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ ബീന അജിത്തിൻ്റെ ഭർത്താവ് അജിത്തിൻ്റെ (53) മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ഒക്ടോബർ 20-ന് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജിത്തിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണത്തിലെ അസ്വാഭാവികത കൂടുതൽ ശ്രദ്ധേയമായത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം അജിത്തിൻ്റെ മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്കാണ്. തലയുടെ പിന്നിലായി നാല് തവണയേറ്റ ശക്തമായ അടിയിൽ ആഴത്തിലുള്ള ചതവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 31-ഓളം പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകളെ തുടർന്ന് പൊലീസ് അടുത്ത ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്തു തുടങ്ങി.
മരണത്തിന് തൊട്ടുമുമ്പ് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അജിത്ത് ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. “ഭാര്യ ബീന എൻ്റെ പേരുകൂടി ചേർത്ത് രണ്ട് തവണ മത്സരിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്. ഇനി ബീന അജിത് എന്ന പേര് ഉപയോഗിക്കാൻ പാടില്ല. ഇവർക്ക് കോൺഗ്രസ് കമ്മിറ്റി സീറ്റ് നൽകിയാൽ ഞാൻതന്നെ അവൾക്കെതിരെ രംഗത്തുവരും,” എന്നായിരുന്നു പോസ്റ്റ്.
ഭാര്യയുമായുള്ള കുടുംബ പ്രശ്‌നങ്ങൾ സംബന്ധിച്ച സൂചനകൾ നൽകുന്ന ഈ പോസ്റ്റിനൊപ്പം ശരീരത്തിൽ മർദനമേറ്റതിൻ്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് അമിത അളവിൽ ഗുളികകൾ കഴിച്ച് അജിത്ത് ജീവനൊടുക്കിയെന്നായിരുന്നു മകൻ വിനായക് ശങ്കർ (26) ആദ്യം നൽകിയ മൊഴി. ഈ മൊഴി പ്രകാരമാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് മുൻപ് ആത്മഹത്യയായി കണക്കാക്കി പൊലീസ് കേസ് കാര്യമായി എടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ദുരൂഹമരണത്തിലെ അന്വേഷണത്തിൽ വട്ടപ്പാറ പൊലീസിനെതിരെ ഒത്തുകളി ആരോപിച്ചുകൊണ്ട് അജിത്തിൻ്റെ രക്ഷിതാക്കൾ റൂറൽ എസ്.പിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
അജിത്തിൻ്റെ മരണത്തിന് പിന്നാലെ, അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതും മരണത്തിന് എട്ടാം ദിവസം വീടിൻ്റെ രണ്ട് മുറികൾ പെയിൻ്റ് അടിച്ച് വൃത്തിയാക്കിയതും ദുരൂഹത വർദ്ധിപ്പിക്കുന്നതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ കാര്യങ്ങൾ അന്ന് തന്നെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊലീസ് ഗൗരവമായി കണ്ടില്ലെന്നാണ് ഇവരുടെ പരാതി. 60 ദിവസം കഴിഞ്ഞാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
















