ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ഒരു നിർണ്ണായക നിമിഷം ഇന്നെത്തും. വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാം മത്സരം മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം കേവലം ഒരു മത്സരമല്ല; 2026-ലെ ടി20 ലോകകപ്പിനുള്ള ടീമിൽ ഇടം ഉറപ്പിക്കാനുള്ള അവസാന അവസരമാണ്. നാളെ (ശനിയാഴ്ച) ബിസിസിഐ സെലക്ഷൻ കമ്മിറ്റി ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, സമ്മർദ്ദത്തിന്റെ മുൾമുനയിലാണ് സഞ്ജു.
ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാൻ ഗിൽ പരിക്ക് മൂലം പരമ്പരയിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ, സഞ്ജുവിന് ഇന്ന് പ്ലെയിംഗ് ഇലവനിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. മധ്യനിരയിലാണ് സാധാരണയായി അവസരം ലഭിക്കാറുള്ളതെങ്കിലും, ഗില്ലിന്റെ അഭാവത്തിൽ സഞ്ജു ഇന്ന് ഓപ്പണിംഗിൽ ഇറങ്ങാനും സാധ്യതയുണ്ട്.
തുടർച്ചയായ അവഗണനകൾക്കൊടുവിലും സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് തഴയുമോ എന്ന ആശങ്കയിലാണ് ആരാധകർ. നിലവിലെ ഫോമിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഗില്ലും പിന്നോട്ട് പോവുകയാണെങ്കിലും, ഇരുവരുടെയും ടീമിലെ സ്ഥാനം ഉറപ്പാണ്. സഞ്ജുവിന്റെ പ്രധാന വെല്ലുവിളി വിക്കറ്റ് കീപ്പർ-ബാറ്ററായ ജിതേഷ് ശർമ്മയാണ്.
ഇതിനിടെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിന് കിരീടം നേടിക്കൊടുത്ത ഇഷാൻ കിഷൻ അവസാന നിമിഷം ലോകകപ്പ് ടീമിലേക്ക് എത്തുമോ എന്ന ആകാംഷയും നിലനിൽക്കുന്നു.
ലോകകപ്പിന് മുന്നോടിയായി ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്തതും അവസാനത്തേതുമായ ടി20 പരമ്പര. ലോകകപ്പ് ടീമിനെയും ന്യൂസീലൻഡ് പരമ്പരയ്ക്കുള്ള ടീമിനെയും ശനിയാഴ്ച ഒരേസമയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതുകൊണ്ട് തന്നെ, കിവീസ് പരമ്പരയിൽ ഇടം നേടുന്ന താരങ്ങളായിരിക്കും ലോകകപ്പ് ടീമിലും അണിനിരക്കുക. 2024-ൽ ഇന്ത്യ കിരീടം നേടിയ ടി20 ലോകകപ്പ് ടീമിൽ സഞ്ജു ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ സാഹചര്യം എന്താകുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്
















