ശബരിമല സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നിർണ്ണായകമായ കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തി. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവർധൻ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കേസിൽ എസ്.ഐ.ടി.യുടെ അന്വേഷണ രീതിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.
പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ നൽകിയ മൊഴി കേസിൽ പങ്കജ് ഭണ്ഡാരിയുടെ പങ്കിലേക്ക് വിരൽചൂണ്ടിയിരുന്നു. ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിലെത്തിച്ചാണ് വേർതിരിച്ചെടുത്തതെന്നായിരുന്നു പോറ്റിയുടെ മൊഴി.
അതുകൊണ്ട് തന്നെ സ്വർണം തിരിമറി നടത്തിയതിൽ സ്ഥാപന ഉടമയ്ക്ക് പങ്കുണ്ടെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും എസ്.ഐ.ടി. വ്യക്തമാക്കി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പങ്കജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയും ഗോവർധനും ഉണ്ണികൃഷ്ണൻ പോറ്റിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സ്വർണം വേർതിരിച്ചെടുക്കുന്ന നടപടികളിൽ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇവരും രണ്ടുപേരും പങ്കാളികളായിരുന്നു എന്നും എസ്.ഐ.ടി.യുടെ കണ്ടെത്തലിലുണ്ട്.
സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തിക്കൊടുത്തത് ജ്വല്ലറി ഉടമയായ ഗോവർധനാണ്. ഇതോടെ സ്വർണക്കൊള്ളയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഇരുവർക്കും വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു.
പങ്കജ് ഭണ്ഡാരിയെ എസ്.ഐ.ടി. മുമ്പും ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആദ്യത്തെ ചോദ്യം ചെയ്യൽ. ഒരാഴ്ച മുമ്പ് പങ്കജിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് രണ്ടാമതും ചോദ്യം ചെയ്തു.
മുരാരി ബാബുവിനേയും പത്മകുമാറിനേയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത ശേഷമായിരുന്നു ഈ നടപടി. അന്ന് ഒരു അത്യാവശ്യ കുടുംബ ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഇയാളെ വിട്ടയച്ചിരുന്നു. ഇന്ന് വീണ്ടും കസ്റ്റഡിയിലെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
















