തയ്‌വാനിൽ മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തി ആക്രമണം. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. തായ്‌പേയ് മെയിൻ സ്റ്റേഷനിലും ഴോങ്ഷാൻ സ്റ്റേഷനിലുമാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്.
ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എന്നാൽ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഇപ്പോൾ അറിവായിട്ടില്ലെന്നും തയ്‌വാൻ പ്രധാനമന്ത്രി ചോ റൊങ് തായ് പറഞ്ഞു. അക്രമി പിന്നീട് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി മരിച്ചു.
മുഖംമൂടി ധരിച്ച വ്യക്തി തായ്പേയ് മെയിൻ മെട്രോ സ്റ്റേഷനിലെത്തിയ ശേഷം അഞ്ചോ ആറോ ഗാസലിൻ ബോബുകളോ സ്മോക്ക് ഗ്രനേഡുകളോ വലിച്ചെറിയുകയായിരുന്നെന്നും തായ്‌യുടെ പ്രസ്താവനയിൽ പറയുന്നു. 5 പേർക്ക് പരുക്കേറ്റു.
അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് തായ്‌പേയ് മേയർ ചിയാങ് വാൻ ആൻ പറഞ്ഞു. പിടിയിലാകുമെന്നായതോടെ അക്രമി കെട്ടിടത്തിനു മുകളിൽനിന്ന് ചാടിയെന്നും ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നും വാൻ ആൻ കൂട്ടിച്ചേർത്തു.
















