ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ 24കാരനും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷ. റാഷിദ്, സഹോദരി ഷക്കീല എന്നിവരെയാണ് സ്പെഷൽ പോക്സോ കോടതി ജഡ്ജി ദിവ്യ ഭാർഗവ് ശിക്ഷിച്ചത്. രണ്ടു പ്രതികൾക്കും 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. 2020ൽ മൻസൂർപുരിലെ നാരാ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയുടെ ഒത്താശയോടെ റാഷിദ് കുട്ടിയെ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ ഷക്കീല ചിത്രീകരിക്കുകയും ചെയ്തെന്നാണ് കേസ്. കുട്ടിയെ ഷക്കീലയുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയെത്തുടർന്ന് ആദ്യം പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നില്ല. തുടർന്ന് എട്ടുമാസത്തിനു ശേഷമാണ് പൊലീസിനെ സമീപിച്ചത്.
















