കോട്ടയം ഈരാറ്റുപേട്ടയിൽ പരീക്ഷയ്ക്കിടെ സംശയം ചോദിച്ചെന്ന പേരിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിയെ മർദിച്ചു അദ്ധ്യാപകൻ. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ തോളെല്ല് പൊട്ടി. കാരക്കാട് എംഎം എംയുഎം യുപി സ്‌കൂളിൽ പഠിക്കുന്ന കാട്ടാമലയിൽ സക്കീറിന്റെ മകൻ മിസ്ബാഹ് സക്കീറിനെയാണ് അദ്ധ്യാപകനായ സന്തോഷ് എം. ജോസ് മർദിച്ചത്. കുട്ടി ഇപ്പൊ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചക്ക് ഉള്ള പരീക്ഷക്കിടയിൽ ആണ് സംഭവം നടക്കുന്നത്. പരീക്ഷക്കിടയിൽ മിസ്ബാഹ് സക്കീർ അദ്ധ്യാപകനായ സന്തോഷ് എം ജോസിനോട് ചോദ്യക്കടലാസിലെ ഒരു സംശയം ചോദിച്ചപ്പോൾ ക്ഷുപിതനായ അയാൾ കുട്ടിയുടെ തോളിൽ ശക്തിയായി ഇടിക്കുകയായിരുന്നു എന്നാണ് കുട്ടി പരാതിയിൽ പറയുന്നത്.
സ്കൂൾ വിട്ട് വീട്ടിൽ വന്ന കുട്ടിക്ക് വലത്തേ തോളിന് കടുത്തവേദനയുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് കുട്ടിയെ അടുത്തുള്ള ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് തോളെല്ലിന് പൊട്ടലുണ്ടെന്ന് മനസിലായത്. തുടർന്ന് കുട്ടിയുടെ അച്ഛൻ എന്താണ് സംഭവിച്ചത് എന്ന ചോദിച്ചപ്പോഴാണ് കുട്ടി സംഭവം പറയുന്നത്.
ഉടൻ തന്നെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. സന്തോഷ് എം. ജോസിനെ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി യോഗം സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചതായി സ്‌കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്‌റഫ് അറിയിച്ചു. പോലീസുകാർ ആശുപത്രിയിൽ എത്തി കുട്ടിയുടെ മൊഴി എടുത്തു. പ്രാഥമികാന്വേഷണത്തിനുശേഷം കേസെടുക്കുമെന്ന് ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസ് അറിയിച്ചു.
















