ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നടപടികള്‍ കടുപ്പിക്കാന്‍ എസ്‌ഐടി. ഉന്നതരുടെ പങ്കിനെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കി. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും, മോഷ്ടിച്ച സ്വര്‍ണ്ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അറസ്റ്റുകളും ഉടന്‍ ഉണ്ടായേക്കും.
മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാറിനേയും കെ.പി. ശങ്കര്‍ദാസിനേയും ഉടൻ വീണ്ടും ചോദ്യം ചെയ്യും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യും. ഇരുവര്‍ക്കെതിരെയും അന്വേഷണം നടക്കാത്തത് എന്താണെന്ന ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. ചോദ്യം ചെയ്യലില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. എന്നാല്‍ കൊള്ളയില്‍ പങ്കില്ലെന്നും പത്മകുമാറാണ് നടപടികള്‍ മുഴുവന്‍ നടത്തിയത് എന്നുമാണ് ഇരുവരും നേരത്തെ മൊഴി നല്‍കിയിരിക്കുന്നത്.
സ്വര്‍ണ്ണത്തിന് നല്‍കിയ 15 ലക്ഷത്തിന് പുറമെ സ്‌പോണ്‍സര്‍ഷിപ്പായി ഒന്നരക്കോടിയോളം രൂപ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയിട്ടുണ്ടെന്നാണ് അറസ്റ്റിലായ ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഈ തുക ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റാര്‍ക്കെല്ലാം നല്‍കി എന്നതാണ് എസ്‌ഐടി അന്വേഷിക്കുന്നത്.
















