മൊബൈൽ റീചാർജ് വാലിഡിറ്റിയിൽ ടെലികോം കമ്പനികൾ നടത്തുന്ന ചൂഷണത്തിനെതിരെ ലോക്‌സഭയിൽ ശബ്ദമുയർത്തി കൊടിക്കുന്നിൽ സുരേഷ് എംപി. 28 ദിവസത്തെ റീചാർജ് സംവിധാനം ഉപഭോക്താക്കളെ പിഴിഞ്ഞുള്ള തട്ടിപ്പാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം :
ടെലികോം കമ്പനികൾ നടപ്പിലാക്കുന്ന 28 ദിവസത്തെ റീചാർജ്/ബില്ലിംഗ് സംവിധാനം ഉപഭോക്താക്കളെ വർഷത്തിൽ 12 റീചാർജുകൾക്കു പകരം 13 റീചാർജുകൾ ചെയ്യാൻ നിർബന്ധിതമാകുന്നത് ഉപഭോക്തൃ വിരുദ്ധ നടപടിയാണെന്ന് ലോക്സഭയിൽ ഉന്നയിച്ചു. ലോക്സഭയിൽ ചോദ്യത്തിലൂടെ, 28 ദിവസത്തെ വാലിഡിറ്റി സംവിധാനം പരോക്ഷമായ അധിക ചാർജ്ജിംഗ് ആണോയെന്നും, ഇതുമൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം സംബന്ധിച്ചും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരത്തിലുള്ള അന്യായമായ ബില്ലിംഗ് രീതികൾ നിയന്ത്രിക്കാൻ ടെലികോം വകുപ്പ് (DoT)യും TRAIയും സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും, യഥാർത്ഥ മാസവാലിഡിറ്റിയുള്ള (30 ദിവസം) റീചാർജ് പ്ലാനുകൾ നിർബന്ധമാക്കാൻ സർക്കാർ തയ്യാറാണോയെന്നും ഉന്നയിച്ചു.
കേന്ദ്ര സർക്കാർ മറുപടിയായി, ടെലികോം ടാരിഫുകൾ നിലവിൽ ഫോർബിയറൻസ് നയത്തിന്റെ ഭാഗമായി സേവനദാതാക്കളുടെ നിയന്ത്രണത്തിലാണെന്നും, എന്നാൽ 2022-ലെ TRAI ടാരിഫ് ഭേദഗതി ഉത്തരവുകൾ പ്രകാരം എല്ലാ ടെലികോം കമ്പനികളും കുറഞ്ഞത് ഒരു 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ നൽകേണ്ടത് നിർബന്ധമാണെന്നും അറിയിച്ചു. ഈ പ്ലാനുകൾ ഓരോ മാസവും ഒരേ തീയതിയിൽ പുതുക്കണമെന്നും സർക്കാർ വ്യക്തമാക്കി.
ഐച്ഛികമായി ഒരു 30 ദിവസത്തെ പ്ലാൻ നൽകുന്നത് മതിയല്ല. 28 ദിവസത്തെ ബില്ലിംഗ് സംവിധാനം വഴി നടക്കുന്ന ഉപഭോക്തൃ ചൂഷണം അവസാനിപ്പിക്കണം. എല്ലാ ഉപഭോക്താക്കൾക്കും സുതാര്യവും നീതിയുള്ളതുമായ മാസ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കേണ്ടത് അനിവാര്യമാണ്. ലക്ഷക്കണക്കിന് സാധാരണ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുന്ന ഈ രീതി അവസാനിപ്പിക്കുന്നതുവരെ വിഷയം പാർലമെന്റിൽ തുടർച്ചയായി ഉന്നയിക്കുമെന്നും, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിയമപരമായ ഇടപെടൽ ആവശ്യമാണ്.
















