ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വനിതാ താരം ഇതുവരെ എത്തിപ്പിടിക്കാത്ത ഒരു നാഴികക്കല്ലാണ് സ്മൃതി മന്ഥാന ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. 4,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മന്ഥാന ചരിത്രം കുറിച്ചു. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ 25 റൺസ് നേടിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
കൂടാതെ, ഈ ക്ലബ്ബിൽ ഇടം നേടുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ താരം കൂടിയാണ് സ്മൃതി. ന്യൂസിലൻഡിന്റെ ഇതിഹാസ താരം സൂസി ബേറ്റ്‌സാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഏക വനിതാ ക്രിക്കറ്റർ.
എങ്കിലും, ഏറ്റവും വേഗത്തിൽ 4,000 റൺസ് തികച്ചത് സ്മൃതി മന്ഥാനയാണ്. 154 മത്സരങ്ങളിൽ 148 ഇന്നിംഗ്‌സുകളിൽ നിന്നാണ് മന്ഥാനയുടെ ഈ റെക്കോർഡ് നേട്ടം. കരിയറിൽ ഒരു സെഞ്ച്വറിയും 31 അർദ്ധ സെഞ്ച്വറിയും സ്മൃതിയുടെ പേരിലുണ്ട്, ഉയർന്ന സ്കോർ 112 റൺസാണ്. സൂസി ബേറ്റ്‌സ് 174 ഇന്നിംഗ്‌സുകളിൽ നിന്ന് 4,716 റൺസ് നേടിയിട്ടുണ്ട്.
സൂസിക്ക് ഒരു സെഞ്ച്വറിയും 28 അർദ്ധ സെഞ്ച്വറിയുമുണ്ട് . ഈ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 163 ഇന്നിംഗ്‌സുകളിൽ നിന്ന് 3,669 റൺസുമായി മൂന്നാം സ്ഥാനത്തുണ്ട്. കൗറിന് ഒരു സെഞ്ച്വറിയും 14 അർദ്ധ സെഞ്ച്വറിയുമുണ്ട് .
അതേസമയം, ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന്റെ മികച്ച വിജയം നേടി പരമ്പരയിൽ 1-0ന് മുന്നിലെത്തി. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് നേടിയത്.
43 പന്തിൽ 39 റൺസെടുത്ത വിഷ്മി ഗുണരത്നെയായിരുന്നു ലങ്കയുടെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗത്, ദീപ്തി ശർമ, ശ്രീ ചരണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 14.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 44 പന്തിൽ 68 റൺസുമായി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.
















