നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിപുലീകരിക്കുന്നു. സ്വതന്ത്ര എം.എൽ.എ. പി.വി. അൻവറും ആദിവാസി നേതാവ് സി.കെ. ജാനുവും അവരുടെ പാർട്ടികളുമായി യുഡിഎഫിൽ ചേരും. ഇരുവരുടേയും പാർട്ടികളെ മുന്നണിയിൽ അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
യുഡിഎഫ് ഘടകകക്ഷികൾക്ക് തുല്യമായ പരിഗണന ലഭിക്കുന്ന ‘അസോസിയേറ്റ് അംഗത്വം’ ആണ് ഇരു പാർട്ടികൾക്കും നൽകുക. പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും ഇനി യുഡിഎഫിന്റെ ഭാഗമാകും. എൻ.ഡി.എ. വിട്ട് യുഡിഎഫിൽ ചേരാനുള്ള താൽപര്യം രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാനുവിന്റെ പാർട്ടിയെ മുന്നണിയിൽ ഉൾപ്പെടുത്തിയത്.
ഇവർക്കൊപ്പം യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാൻ തീരുമാനിച്ച വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺഗ്രസ് തീരുമാനം തള്ളി. ഘടകകക്ഷിയാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ചന്ദ്രശേഖരൻ, അസോസിയേറ്റ് അംഗമാകാനില്ലെന്ന് പ്രഖ്യാപിച്ചു. യുഡിഎഫിൽ ചേരാനില്ലെന്നും വാർത്താ സമ്മേളനം വിളിച്ച് അദ്ദേഹം അറിയിച്ചു. നേരത്തെ എൻ.ഡി.എ.യുടെ ഭാഗമായിരുന്നു ഈ പാർട്ടിയും.
വിശാലമായ മുന്നണി കെട്ടിപ്പടുക്കുന്നതിനിടയിലും, മുൻ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയെ തിരികെ മുന്നണിയിലെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് പി.ജെ. ജോസഫ്. ഈ വിഷയത്തിൽ യുഡിഎഫിൽ നിലവിലെ സാഹചര്യത്തിൽ ചർച്ചയില്ലെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി. പുതിയ കക്ഷികൾ മുന്നണിയിൽ ചേരുന്നതോടെ യുഡിഎഫിന് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
















