യുഡിഎഫിന്റെ രാഷ്ട്രീയ നീക്കത്തിന് തിരിച്ചടി. കേരള കാമരാജ് കോൺഗ്രസിനെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമായി പ്രഖ്യാപിച്ച നടപടി പാളി. താൻ എൻഡിഎയിൽ തന്നെ തുടരുമെന്നും യുഡിഎഫിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരള കാമരാജ് കോൺഗ്രസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താ സമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെയാണ്, അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് ചന്ദ്രശേഖരൻ രംഗത്തെത്തിയത്.
കേരള കാമരാജ് കോൺഗ്രസ് രേഖാമൂലം അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസോസിയേറ്റ് അംഗമാക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ, ഈ വാദം വിഷ്ണുപുരം ചന്ദ്രശേഖരൻ പൂർണ്ണമായും തള്ളിക്കളഞ്ഞു.
യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കണമെന്ന് ആവശ്യപ്പെട്ട് താനോ തന്റെ പാർട്ടിയോ കത്തോ അപേക്ഷയോ നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരത്തിൽ എന്തെങ്കിലും രേഖകളുണ്ടെങ്കിൽ അത് പുറത്തുവിടാൻ അദ്ദേഹം യുഡിഎഫ് നേതൃത്വത്തെ വെല്ലുവിളിച്ചു.
തനിക്കുള്ളത് ശക്തമായ സംഘപരിവാർ പശ്ചാത്തലമാണ് എന്നും 14 വയസ്സു മുതൽ സ്വയംസേവകനായി പ്രവർത്തിക്കുന്നു എന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. താൻ മനസ്സ് കൊണ്ട് ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു. എൻഡിഎയിൽ നിലവിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നത് സത്യമാണ്.
എന്നാൽ, അത് പരിഹരിക്കാൻ തനിക്ക് കഴിവുണ്ട്. മുന്നണിയിലെ പരാതികൾ എൻഡിഎയുടെ യോഗത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ തന്നോട് കാണിക്കുന്ന സമീപനം ഉള്ളതുകൊണ്ട് യുഡിഎഫിലേക്ക് പോകേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ഡി. സതീശൻ എന്നിവരുമായി മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ചിരുന്നു. ഈ ചർച്ചകൾക്കിടയിലാണ് താൻ യുഡിഎഫിൽ അംഗമായി എന്ന വാർത്ത പുറത്തുവരുന്നത്.
യുഡിഎഫിൽ ചേരുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷിയും അസോസിയേറ്റ് അംഗവും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഘടകകക്ഷി ആക്കാത്തതാണ് പ്രശ്നമെന്ന വാദത്തിൽ കഴമ്പില്ലെന്നും അദ്ദേഹം മറുപടി നൽകി.
















