ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. ഉന്നതരുടെ പങ്കിനെകുറിച്ച് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ എൻ.വിജയകുമാറിനെയും എൻ.ശങ്കരദാസിനെയും വൈകാതെ ചോദ്യംചെയ്യും. ഇരുവരുടെയും പങ്കിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും.
ഇരുവർക്കും എല്ലാം അറിയാമായിരുന്നുവെന്ന് കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.
ശബരിമല സ്വര്‍ണ മോഷണത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം എസ്‌ഐടി ഊര്‍ജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടി മുതല്‍ കണ്ടത്താനായില്ലെങ്കില്‍ കേസിന് കോടതിയില്‍ തിരിച്ചടി നേരിടും എന്നാണ് വിലയിരുത്തല്‍.
അതിനാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ബന്ധമുള്ള ചെന്നൈയിലെ വ്യാപാരിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ ഇപ്പോഴത്തെ തീരുമാനം. സ്മാര്‍ട്ട് ക്രിയേഷന്‍സിന് കേസില്‍ നിര്‍ണായക ബന്ധമുണ്ടെന്നും, വലിയ ദുരൂഹത സ്ഥാപനം കേന്ദ്രീകരിച്ചുണ്ട് എന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണ്ണം ഗോവര്‍ദ്ധന് എത്തിച്ചു നല്‍കിയ കല്‍പ്പേഷിനെയും എസ്‌ഐടി ഉടന്‍ ചോദ്യം ചെയ്യും.
















