കൊച്ചി: മേയർ സ്ഥാനത്തേക്ക് പരിഗണിക്കാതെ ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. തീരുമാനം തന്നെ ആരും ഔദ്യോഗികമായി അറിയിച്ചില്ലെന്നു ദീപ്തി തുറന്നടിച്ചു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അവർ. ദീപ്തി കൊച്ചി മേയറായേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ എ, ഐ ഗ്രൂപ്പുകൾ ചേർന്ന് വികെ മിനിമോളെയും ഷൈനി മാത്യുവിനെയും മേയർ സ്ഥാനത്തേക്ക് ടേം വ്യവസ്ഥയിൽ എത്തിക്കുകയായിരുന്നു.
മേയറെ തെരഞ്ഞെടുക്കാനുള്ള പാർലമെന്ററി പാർട്ടി യോഗത്തിൽ അംഗങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ല. പാർട്ടിയുടെ സർക്കുലർ ഉണ്ടായിരുന്നു. എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം ഏതൊക്കെ ആൾക്കാർക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നും സർക്കുലറിലുണ്ടായിരുന്നു. തീരുമാനം വന്നുവെന്ന് എന്നോട് ആരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതെന്താണ് എന്നതിനെ കുറിച്ച് കൃത്യമായി അറിയില്ല. ഡിസിസി പ്രസിഡന്റാണ് പ്രഖ്യാപിച്ചതെങ്കിൽ അദ്ദേഹവും കൊച്ചി കോർപറേഷന്റെ ചാർജുണ്ടായിരുന്ന പ്രതിപക്ഷ നേതാവും പറയട്ടേ. എങ്ങനെയാണ് എന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ലെന്നും ദീപ്തി പറയുന്നു.
















