വോട്ടർപട്ടികയിൽനിന്ന് 24.08 ലക്ഷം പേരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പ് ശക്തമായ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ വോട്ടർപട്ടികാ പരിഷ്കരണ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽഖർ നാല് ഇലക്ടറൽ റോൾ ഒബ്‌സെർവർമാരെ (ERO) നിയോഗിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളെ നാല് മേഖലകളായി തിരിച്ചാണ് ഈ ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല എം.ജി. രാജമാണിക്യത്തിനാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നിരീക്ഷണത്തിനായി കെ. ബിജുവിനെയും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കായി ടിങ്കു ബിസ്വാളിനെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായി ഡോ. കെ. വാസുകിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കരട് വോട്ടർപട്ടിക സംബന്ധിച്ച് എതിർപ്പുകളും അവകാശവാദങ്ങളും സ്വീകരിക്കുന്ന കാലയളവിലാണ് ഇലക്ടറൽ റോൾ ഒബ്‌സെർവർ അതത് ജില്ലകളിൽ ആദ്യഘട്ട സന്ദർശനം നടത്തുക. തുടർന്ന്, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ERO) മുഖേന അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിക്കുന്ന കാലയളവിൽ ഇവർ രണ്ടാം സന്ദർശനവും നടത്തും.
അവസാനമായി, ബൂത്ത് ലെവൽ ഓഫീസർമാർ (BLO) പ്രവർത്തന പകർപ്പ് പരിശോധിക്കുകയും സപ്ലിമെന്റുകൾ അച്ചടിക്കുകയും വോട്ടർപട്ടികയുടെ അന്തിമ പ്രസിദ്ധീകരണം നടത്തുകയും ചെയ്യുന്ന നിർണായക ഘട്ടത്തിൽ ഇവർ മൂന്നാമതും ജില്ലകളിൽ എത്തി മേൽനോട്ടം വഹിക്കും.
ഈ പുനഃപരിശോധനാ നടപടികളിൽ രാഷ്ട്രീയ പാർട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ഒബ്‌സെർവർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യ സന്ദർശന സമയത്ത് എം.പിമാരുടെയും എം.എൽ.എമാരുടെയും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് അവരുടെ പരാതികളും ആശങ്കകളും ശ്രദ്ധിക്കും. കൂടാതെ പൊതുജനങ്ങളുടെ യോഗവും വിളിച്ചു ചേർക്കും.
ജില്ലാ ശരാശരിയെക്കാൾ ഒരു ശതമാനത്തിലധികമോ, ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ 3 ശതമാനത്തിലധികമോ പേരുകൾ ഒഴിവാക്കിയതോ ചേർത്തതോ ആയ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ (DEO) സമർപ്പിച്ച റിപ്പോർട്ടുകളും വിശദീകരണങ്ങളും ഇലക്ടറൽ റോൾ ഒബ്‌സെർവർമാർ വിശദമായി പരിശോധിക്കുന്നതാണ്.
















