തീവ്ര വോട്ടർ പട്ടികാ ശുദ്ധീകരണ നടപടികളുടെ ഭാഗമായി പുറത്തിറക്കിയ കരട് പട്ടികയിൽ ആലപ്പുഴ ജില്ലയിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലായി 1.66 ലക്ഷം വോട്ടർമാരാണ് കുറഞ്ഞത്. ഈ കണക്കുകൾ രാഷ്ട്രീയ പാർട്ടികൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
രണ്ട് ലക്ഷത്തിൽ അധികം വോട്ടർമാർ ഉണ്ടായിരുന്ന ആറ് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ കുറവുണ്ടായിട്ടുള്ളത്. അരൂർ, ചേർത്തല, ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കായംകുളം എന്നീ മണ്ഡലങ്ങളിലെല്ലാം നിലവിൽ വോട്ടർമാരുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയായി. ഇതിൽ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലാണ് വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്; ഇവിടെ 22,400 വോട്ടർമാരാണ് കുറഞ്ഞത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ 2,06,858 വോട്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത്, നിലവിലെ എസ്ഐആർ കരട് പട്ടികയിൽ ഇത് 1,83,878 മാത്രമാണ്. കൂടാതെ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിലും വോട്ടർമാർ കുത്തനെ കുറഞ്ഞിട്ടുണ്ട്.
ജില്ലാ തലത്തിൽ കണക്കുകൾ പരിശോധിക്കുമ്പോൾ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന 17,82,900 വോട്ടർമാരിൽ നിന്ന്, എസ്.ഐ.ആർ. (Special Intensive Revision) കരട് പട്ടികയിൽ ഇത് 16,16,561 ആയി കുറഞ്ഞു. 17,58,938 വോട്ടർമാരിൽ, 16,16,561 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. ഇതോടെ, ഏകദേശം 1,43,494 പേരാണ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. വോട്ടർ പട്ടികയുടെ ന്യൂമറേഷൻ ഫോം പൂരിപ്പിച്ചു വാങ്ങിയത് 2025-ലെ അന്തിമ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ്.
കരട് പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള അവസരം ജനുവരി 22 വരെയാണ്. ഒഴിവാക്കപ്പെട്ട യഥാർത്ഥ വോട്ടർമാരെ കണ്ടെത്തി തിരികെ ഉൾപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ രാഷ്ട്രീയ പാർട്ടികൾ.
















