രോഗിയെ ക്രൂരമായി മർദിച്ച ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഡോ. രാഘവ് നിരുലയെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച രോഗിക്കാണ് ഡോക്ടറുടെ മർദനം ഏൽക്കേണ്ടിവന്നത്. ഈ മാതൃകാപരമായ നടപടി സ്വീകരിച്ചതിന് സർക്കാരിനോട് നന്ദി അറിയിക്കുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. പരിശോധിക്കാനെത്തിയ ഡോക്ടർ തന്നോട് മോശമായി സംസാരിച്ചുവെന്നും മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആക്രമിക്കാൻ തുടങ്ങിയെന്നുമാണ് രോഗി ആരോപിക്കുന്നത്.
ഡോക്ടർ ഭീഷണിപ്പെടുത്തുകയും മുഖത്തും ശരീരത്തിലും ആവർത്തിച്ച് ഇടിക്കുകയും ചെയ്തുവെന്നും ഇത് മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരാൻ കാരണമായെന്നും പരാതിക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു.
അതേസമയം ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
















