രാജ്യത്തെ ഗ്രാമീണ സാഹചര്യങ്ങളിൽ വന്ന സമൂലമായ മാറ്റങ്ങളും പദ്ധതി നടത്തിപ്പിലെ ഗുരുതരമായ അഴിമതിയും പരിഗണിച്ചാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി അടിമുടി അഴിച്ചുപണിയുന്നതെന്ന് കേന്ദ്രസർക്കാർ. ‘വിഭജി റാംജി പദ്ധതി’യുടെ ആവശ്യകത വിശദീകരിക്കുന്നതിനായി പുറത്തിറക്കിയ കുറിപ്പിലാണ് ഈ സുപ്രധാന വിവരങ്ങൾ വ്യക്തമാക്കുന്നത്.
പഴയ തൊഴിലുറപ്പ് പദ്ധതി 2005-ലെ ഗ്രാമീണ സാഹചര്യങ്ങൾ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തതെങ്കിലും അതിനുശേഷം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വലിയ പുരോഗതി ഉണ്ടായി. ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും വരുമാനവർദ്ധനവുമാണ് ഇതിന് കാരണം. 2011-12 കാലയളവിൽ 25.7 ശതമാനമായിരുന്ന ദാരിദ്ര്യനിരക്ക് 2023-24-ൽ 4.86% ആയി കുറഞ്ഞു.
മെച്ചപ്പെട്ട സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ, ഗതാഗതസൗകര്യങ്ങൾ, ഡിജിറ്റൽ സേവനങ്ങളുടെ ലഭ്യത എന്നിവ ഗ്രാമീണ ജീവിതനിലവാരം ഉയർത്തി. നിലവിലെ സാഹചര്യങ്ങൾക്ക് പഴയ ചട്ടക്കൂട് യോജിച്ചതല്ലെന്ന വിലയിരുത്തലിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. എങ്കിലും, പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയെ ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരണക്കുറിപ്പിൽ പരാമർശമില്ല.
പദ്ധതി നടത്തിപ്പിലെ അഴിമതിയുടെയും മേൽനോട്ടക്കുറവിന്റെയും ഗുരുതരമായ അവസ്ഥ സർക്കാർ രേഖകൾ എടുത്തു കാണിക്കുന്നു. 2024-25 സാമ്പത്തിക വർഷം മാത്രം വിവിധ സംസ്ഥാനങ്ങളിലായി ₹193.67 കോടി രൂപയുടെ ദുരുപയോഗം കണ്ടെത്തി.
കോവിഡ് അനന്തര കാലയളവിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങളിൽ വെറും 7.61% കുടുംബങ്ങൾക്ക് മാത്രമാണ് 100 ദിവസത്തെ പൂർണ്ണ തൊഴിൽ ലഭിച്ചത്. അഴിമതിയും വീഴ്ചകളും കാരണം ചില സംസ്ഥാനങ്ങളിൽ പദ്ധതിയുടെ പ്രവർത്തനം തന്നെ സ്തംഭിക്കുന്ന സാഹചര്യമുണ്ടായി.
പശ്ചിമ ബംഗാളിലെ 19 ജില്ലകളിൽ ഇല്ലാത്ത ജോലികൾക്ക് ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് അവിടെ തൊഴിലുറപ്പ് പദ്ധതി താൽക്കാലികമായി നിർത്തിവച്ചു.
മനുഷ്യർ ചെയ്യേണ്ട ജോലികൾക്ക് യന്ത്രങ്ങൾ ഉപയോഗിക്കുക, ഹാജർ രേഖപ്പെടുത്തുന്നതിൽ കൃത്രിമം കാണിക്കുക തുടങ്ങിയ ക്രമക്കേടുകളും രാജ്യവ്യാപകമായി നടന്ന പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രശ്നങ്ങളെല്ലാം പരിഗണിച്ചാണ് പഴയ ‘ആവശ്യാധിഷ്ഠിത’ മാതൃകയിൽ നിന്ന് മാറി, നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ‘ഫണ്ടിങ്’ സംവിധാനം ഏർപ്പെടുത്തിയത്.
പുതിയ പദ്ധതിയിൽ അഴിമതി തടയാനായി ഡിജിറ്റൽ മേൽനോട്ടം, നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള അഴിമതി കണ്ടെത്തൽ സംവിധാനം, വർഷത്തിൽ രണ്ടുതവണ നിർബന്ധിത സോഷ്യൽ ഓഡിറ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.
















