നാല് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അറുതി വരുത്താനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു.
ഞായറാഴ്ച ഫ്‌ലോറിഡയിലെ ട്രംപിന്റെ വസതിയായ മാർ-എ-ലാഗോയിലാണ് ഈ സുപ്രധാന കൂടിക്കാഴ്ച നടക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നവംബറിൽ യുഎസ് ഭരണകൂടം മുന്നോട്ടുവച്ച 28 നിർദേശങ്ങൾ അടങ്ങിയ ഒത്തുതീർപ്പ് മാർഗനിർദേശത്തിലാണ് ചർച്ചകൾ നടക്കുക. യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നീക്കത്തിൽ ഈ കൂടിക്കാഴ്ച വലിയ പുരോഗതിയായാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് സെലെൻസ്‌കി നേരത്തെ എക്സിലൂടെ വ്യക്തമാക്കിയിരുന്നു. പുതുവർഷത്തിന് മുമ്പ് ഒരുപാട് കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയോടെ സെലെൻസ്കി പ്രതികരിച്ചത്.
















