താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണി. മണിയുടെ സംഘാഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊട്ടിക്കരഞ്ഞായിരുന്നു ഡി മണിയുടെ പ്രതികരണം. തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും ഡി മണി ആവര്‍ത്തിച്ചു. എസ്‌ഐടിയോട് എല്ലാം പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കും. എസ്‌ഐടിക്ക് മുന്നില്‍ ഞാന്‍ ഹാജരാകും. എന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. ഞാന്‍ സാധാരണക്കാരനാണ്. പടിപടിയായാണ് വളര്‍ന്നത്. കേരളത്തിലേക്ക് അധികം വരാറില്ല. ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. അവനും പാവമാണ്. നമുക്ക് രണ്ടുപേര്‍ക്കും ഈ കേസുമായി ഒരു ബന്ധവുമില്ലെന്ന് ഡി മണി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദിണ്ടിഗലില്‍ എത്തി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.
















