ലഹരി വാങ്ങാൻ പണം നൽകാത്തതിന് ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി കോതാർതോട് ചരമ്മൽ തൊടി കളത്തിങ്ങൽ അബ്ദുൾ ഖാദറിന്റെ മകൾ സി.ടി. മുനീറ (31) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ഫാറൂഖ് കോളേജ് പാണ്ടികശാല റോഡിൽ മക്കാട്ട് കമ്പിളിപ്പുറത്ത് അബ്ദുൾ ജബ്ബാറിനെ (40) പോലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെ 9.30-ക്കായിരുന്നു സംഭവം.അബ്ദുൽ ജാബർ കടുത്ത ലഹരിക്ക് അടിമയായിരുന്നു. മുനീറക്ക് പ്രദേശത്തെ സൂപ്പർമാർക്കറ്റിൽ ആണ് ജോലി. സംഭവദിവസം രാവിലെ ജബ്ബാർ മുനീറയോട് ലഹരി വാങ്ങാനായി പണം ചോദിച്ചു എന്നാൽ മുനീറയുടെ കയ്യിൽ പണം ഇല്ലായിരുന്നു. പണമില്ലെന്നറിഞ്ഞതോടെ മുറി അടച്ചിട്ടശേഷം അബ്ദുൾ ജബ്ബാർ മുനീറയെ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തലയ്ക്കു പിന്നിലും ചെവിയിലും പുറത്തുമായി നാലുതവണയാണ് വെട്ടിയത്. മുനീറയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന ആറും എട്ടും വയസ്സുള്ള കുട്ടികളും ഭർത്തൃമാതാവും നിലവിളിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ മുറി കുത്തിത്തുറന്ന് മുനീറയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഒരു വർഷം മുമ്പ് സമാനമായ രീതിയിൽ ജബ്ബാർ മുനീറക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. അന്ന് മുനീറയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇരുവരും വിവാഹബന്ധം വേർപിരിയുന്ന ഘട്ടംവരെയെത്തി. എന്നാൽ, പിന്നീട് മക്കളെ ഓർത്ത് മുനീറതന്നെ ജബ്ബാറിനൊപ്പം വീണ്ടും താമസിക്കാൻ തയ്യാറാവുകയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
മുനീറയുടെ മാതാവ് : സുബൈദ. മക്കൾ: ജിദ ഫാത്തിമ (8 ഫാറൂഖ് എഎൽപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി), ഫിദ ഫാത്തിമ (ഫാറൂഖ് എഎൽപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി). സഹോദരി: ഖദീജ.
















