വിഷ്വൽ മീഡിയ രംഗത്ത് ഏറെക്കാലത്തെ പ്രവർത്തിപരിചയമുള്ള സംവിധായകൻ ബിജുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മത്തി’ക്ക് കൊച്ചിയിൽ തുടക്കമായി. നാദബ്രഹ്മം, സൂര്യഗീതം, പച്ചക്കിളി (തമിഴ്) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ബിജുലാലിന്റെ പുതിയ സംരംഭമാണിത്.
ഡിസംബർ 28 ഞായറാഴ്ച ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ശശി അയ്യഞ്ചിറ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ചെമ്പിൽ അശോകൻ, നിർമ്മാതാവ് സന്തോഷ് പവിത്രം, തിരക്കഥാകൃത്ത് ഷിജു നമ്പ്യത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഉൾപ്പെടെ അഞ്ചു ഭാഷകളിലായി ഒരുക്കുന്ന പാൻ ഇന്ത്യൻ റോഡ് മൂവിയായാണ് ‘മത്തി’ അവതരിപ്പിക്കുന്നത്. പരസ്പരം മുൻപരിചയമില്ലാത്ത, വ്യത്യസ്ത സ്വഭാവങ്ങളുള്ള നാല് ചെറുപ്പക്കാരും അവരുടെ കാമുകിമാരും ചേർന്ന് നടത്തുന്ന ഒരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഈ യാത്രയിൽ അരങ്ങേറുന്ന സംഭവങ്ങൾ ത്രില്ലർ മൂഡിലും ആക്ഷന് പ്രാധാന്യം നൽകിയുമാണ് അവതരിപ്പിക്കുന്നത്.

ടെലി മീഡിയാ വിഷൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ബാലതാരമായി ശ്രദ്ധേയനായ ആകാശ് ലാൽ നായകനാകുന്ന ഈ ചിത്രത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ നിന്നുള്ള നിരവധി താരങ്ങൾ അണിനിരക്കുന്നു.
നൂറ്റിയമ്പതോളം പുതുമുഖങ്ങൾ വ്യത്യസ്ത ഭാഷകളിൽ നിന്നായി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചെമ്പിൽ അശോകൻ, സാലു കൂറ്റനാട്, ജീവ എന്നിവരും പ്രധാന താരങ്ങളാണ്. പ്രശസ്ത നിർമ്മാതാവായ സന്തോഷ് പവിത്രം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇതിന്റെ അണിയറ പ്രവർത്തകർ ആണ് ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ: ഷിജു നമ്പ്യത്ത് , ഗാനങ്ങൾ: ഷമീർ സിംഗ്, ഭാഗ്യരാജ് പറളി, സംഗീതം: നീർവെയിൽ സിംഗ്, ഭാഗ്യരാജ് പറളി, ഛായാഗ്രഹണം: ഷംനാദ്, സന്തോഷ് അഞ്ചൽ, കോറിയോഗ്രാഫി: ഇർഫാൻ ഖാൻ, സ്റ്റിൽസ്: ശങ്കർ, ലൈൻ പ്രൊഡ്യൂസർ: അനിൽ മാത്യു, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: അനിൽ ചാലക്കുടി
ജനുവരി 15-ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ‘മത്തി’ തമിഴ്നാട്, കർണ്ണാടക, ഗോവ, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാക്കാനാണ് പദ്ധതി.
















