മഹാരാഷ്ട്രയിൽ സ്ത്രീധനം മടക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടതിന് യുവതിയെ ഭർത്താവും ഭർതൃസഹോദരിയും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൽപന സോണി എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ് സോണിയെയും ഇയാളുടെ സഹോദരി ദീപാലി സോണിയെയും പോലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. 2015-ലാണ് കൽപനയും മഹേഷും വിവാഹിതരായത്. വീരാർ വെസ്റ്റിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കും ഒപ്പമായിരുന്നു കൽപനയുടെ താമസം. എന്നാൽ കല്പനയെ ഭർതൃവീട്ടുകാർ ശാരീകമായും മാനസികമായും പീഡിപ്പിച്ചിരുന്നു.
ശനിയാഴ്ചയും പതിവ് പോലെ കല്പനയെ ഉപദ്രവിക്കുകയും വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ഇതോടെ കുപിതയായ കൽപ്പന താൻ തന്റെ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും കല്യാണത്തിന് നൽകിയ സ്ത്രീധന തുക തിരികെ വേണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ മഹേഷും ദീപാലിയും കുപിതരാവുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൽപനയെ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൽപനയെ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ആദ്യം കൽപന കുളിമുറിയിൽ തെന്നിവീണ് പരിക്കേറ്റതാണെന്നായിരുന്നു മഹേഷും ദീപാലിയും പറഞ്ഞത്. എന്നാൽ, ക്രൂരമായ മർദനത്തെ തുടർന്നാണ് കൽപ്പന മരിച്ചതെന്ന് ഡോക്ടർ സ്ഥിതികരിച്ചതോടെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു.
കൽപ്പനക്കും മഹേഷിനും ഏഴുവയസ്സുള്ള ഒരു മകൻ ഉണ്ട്. സംഭവ സമയത്തു മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കൽപനയുടെ അമ്മയുടെ സഹോദരന്റെ പരാതിയിലാണ് മഹേഷിനെയും ദീപാലിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി ഏഴുദിവസത്തേക്ക് റിമാൻഡ് ചെയ്തു.
















